പിക്കപ്പ് ജീപ്പ് മറിഞ്ഞ് തൊഴിലാളി മരിച്ചു; ആറു പേര്‍ക്ക് പരിക്ക്, രണ്ട് പേര്‍ ഗുരുതരനിലയില്‍

ആലക്കോട്: കരുവന്‍ചാല്‍ ടൗണിനടുത്ത് കൂളാമ്പി റോഡില്‍ പിക്കപ്പ് ജീപ്പ് മറിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം. ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
പശ്ചിമബംഗാള്‍ കൊല്‍ക്കത്ത കുന്തിഘട്ട് സ്വദേശി കാളിപോത് (52) ആണ് മരിച്ചത്. ബംഗാള്‍ സ്വദേശികളായ അസീത്ത് (45), രാജ (30), ഗോവിന്ദ് ബച്ച (23), ചുണ്ണാറാം (28), നേപ്പാള്‍ സ്വദേശി പ്രദീപ് (35), മലപ്പുറം നിലമ്പൂര്‍ സ്വദേശി പ്രവീണ്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ അസീത്തിനെയും രാജയെയും പരിയാരം മെഡി. കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെങ്കിലും ഭാഷാപരമായ പ്രശ്നങ്ങളുടെ പരിഹാരത്തിനായി പ്രദീപിനെയും ഇവര്‍ക്കൊപ്പം മെഡി. കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയിട്ടുണ്ട്. ഗോവിന്ദ് ബച്ച, ചുണ്ണാറാം, പ്രവീണ്‍ എന്നിവരെ കരുവന്‍ചാല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച കാളിപോതിന്റെ മകനാണ് പരിക്കേറ്റ ചുണ്ണാറാം.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ കരുവന്‍ചാല്‍ ടൗണിന് സമീപം കൂളാമ്പി റോഡില്‍ സെന്റ് മേരീസ് മലങ്കര പള്ളിക്ക് സമീപമായിരുന്നു അപകടം. കെ.എല്‍ 10 ബി.ജി 4057 പിക്കപ്പ് ജീപ്പ് കൂളാമ്പി ഇറക്കത്തില്‍ നിയന്ത്രണംവിട്ട് റോഡരികിലെ പറമ്പിലേക്ക് മറിയുകയായിരുന്നു. സമീപത്തെ റബര്‍ മരത്തില്‍ ഇടിച്ചാണ് വാഹനം നിന്നത്. ഗുരുതരമായി പരിക്കേറ്റ കാളിപോതിനെ സെന്റ് ജോസഫ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തി അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.
കൂളാമ്പിയിലും ചെറുപാറയിലും ജല ജീവന്‍ പദ്ധതിയുടെ വാട്ടര്‍ ടാങ്ക് പ്രവൃത്തി നടക്കുന്നുണ്ട്. മലപ്പുറം സ്വദേശികളാണ് ഇതിന്റെ കരാറെടുത്തത്. ആലക്കോട് കോളി റോഡിലെ കെട്ടിടത്തിലാണ് തൊഴിലാളികളും ജീവനക്കാരും താമസിക്കുന്നത്. ഇന്ന് രാവിലെ കൂളാമ്പിയിലെ പണി സ്ഥലത്ത് നിന്നും സാധനങ്ങളെടുത്ത് ചെറുപാറയിലെ പ്രവൃത്തി സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. പദ്ധതിയുടെ സൂപ്പര്‍വൈസര്‍ പ്രവീണായിരുന്നു വാഹനം ഓടിച്ചിരുന്നത്.
ആലക്കോട് എസ്.ഐ: രമേശന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ജലജീവന്‍ പദ്ധതി സബ് കോണ്‍ട്രാക്ടര്‍ കാസര്‍കോട് സ്വദേശി ദേവുപ്രിയന്റെ മൊഴി രേഖപ്പെടുത്തി തുടര്‍ നടപടി സ്വീകരിച്ചു. കാളിപോതിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡി. കോളേജിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page