കാഞ്ഞങ്ങാട്: മുന്നറിയിപ്പില്ലാതെ ആറുമണിക്കൂര്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഉപയോഗിച്ച് ശ്വാസോഛ്വാസം നടത്തിയിരുന്ന വൃദ്ധയായ രോഗി മരിച്ചു. അതിഞ്ഞാല്‍ കെകെ പുരയില്‍ ബീരാന്‍ കാടത്ത് ഖാദറിന്റെ ഭാര്യ മറിയം(70) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടേമുക്കാല്‍ വരെ മുന്നറിയിപ്പൊന്നുമില്ലാതെ വൈദ്യുതി വിതരണം തടസ്സപ്പെടുകയായിരുന്നുവെന്ന് പറയുന്നു. വൈദ്യുതി പോയതോടെ ഇന്‍വേര്‍ട്ടറിന്റെ സഹായത്തോടെയാണ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് ഇന്‍വേര്‍ട്ടറിന്റെ പ്രവര്‍ത്തനവും നിലച്ചതോടെ പ്രാണവായു ലഭിക്കാതെയാണ് മറിയം മരിച്ചതെന്ന് പറയുന്നു. മക്കള്‍: ശരീഫ, സുബൈദ, സാജിദ. മരുമക്കള്‍: കുഞ്ഞാമദ്, അമീര്‍, മൊയ്തു. വൈദ്യുതി മുടങ്ങിയ വിവരം ചിത്താരി ഇലക്ട്രിക് സെക്ഷന്‍ ഓഫീസിലേക്ക് നിരവധി വിളിച്ചെങ്കിലും ഫോണ്‍ അറ്റന്റ് ചെയ്തില്ലെന്നു പരാതിയുണ്ട്. മറിയം കഫക്കെട്ട് സംബന്ധിച്ച് ചികില്‍സയിലായിരുന്നു. വൈദ്യുതി ജീവനക്കാരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് പഞ്ചായത്ത് മെമ്പര്‍മാര്‍ എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍, അസോ.എഞ്ചിനിയര്‍ എന്നിവരോട് ആവശ്യപ്പെട്ടു. ബഷീര്‍ ചിത്താരി, മെമ്പര്‍മാരായ സി കുഞ്ഞാമിന, ഖാലിദ്, സിപി സുബേര്‍, സിഎച്ച് നിസാമുദ്ദീന്‍ എന്നിവര്‍ ഇതുസംബന്ധിച്ച് അധികൃതരുമായി ചര്‍ച്ച നടത്തി.







