വെള്ളരിക്കുണ്ട്: സംസ്ഥാനത്ത് നിലവിലുള്ള ഭൂമിയുടെ ന്യായവില സാധാരണക്കാരെ ദുരിതത്തിലാക്കുന്നതും റിയൽ എസ്റ്റേറ്റ്-നിർമ്മാണ മേഖലകളെ സ്തംഭിപ്പിക്കുന്നതുമാണെന്ന് കേരള കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ന്യായവില ഉടൻ കുറവ് ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിലവിൽ വിപണിമൂല്യത്തേക്കാൾ പലമടങ്ങ് ഉയർന്ന തുകയാണ് പലയിടങ്ങളിലും ന്യായവിലയായി നിശ്ചയിച്ചിട്ടുള്ളത്. ഇത് കാരണം ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും വൻ തുക സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമായി നൽകേണ്ടിവരുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമി വാങ്ങി വീട് വെക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരെയും, മക്കളുടെ വിവാഹം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കായി കൈവശമുള്ള ഭൂമി വിൽക്കാൻ ശ്രമിക്കുന്ന കുടുംബങ്ങളെയും ഈ തീരുമാനം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസി. ജേറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. കെ. എ. സാലു അധ്യക്ഷത വഹിച്ചു.
പ്രിൻസ് ജോസഫ്,നിസം ഫലാഖ് ,സക്കറിയാസ്
,ജോസ് ,ഷൈജു പ്രസംഗിച്ചു.







