കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിന്നിംഗാര്‍, കൊച്ചിയിലെ കര്‍ഷകനായ മോഹനകൃഷ്ണഭട്ട് മോഷ്ടാക്കളെക്കൊണ്ട് പൊറുതി മുട്ടി. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ മോഷണം പോകുന്നത് പതിവായതോടെ എന്തു ചെയ്യണമെന്ന് അറിയാതെ തൃശങ്കുവിലായിരിക്കുകയാണ് ഈ കര്‍ഷകന്‍.
ഇക്കഴിഞ്ഞ ജൂണ്‍ 30 ന് ആണ് ഈ കര്‍ഷകന് ആദ്യമായി തസ്‌ക്കര ശല്യം ഉണ്ടായത്. വീട്ടില്‍ നിന്നു 100 മീറ്റര്‍ അകലെയുള്ള റബ്ബര്‍ പുകപുരയോടു ചേര്‍ന്നുള്ള സ്‌റ്റോക്ക് റൂമിന്റെ പൂട്ട് പൊളിച്ച് ഒരു ക്വിന്റല്‍ റബ്ബര്‍ ഷീറ്റാണ് അന്നു മോഷ്ടാക്കള്‍ കൊണ്ടുപോയത്.
ഇതു സംബന്ധിച്ച് മോഹനകൃഷ്ണഭട്ട്ആദൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ഏതാനും പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ മോഷ്ടാക്കളുടെ ദ്രോഹം അവസാനിക്കുമെന്നാണ് ഈ കര്‍ഷകന്‍ കണക്കു കൂട്ടിയിരുന്നത്.
എന്നാല്‍ ഇന്ന് (ചൊവ്വ) രാവിലെയോടെ എല്ലാ പ്രതീക്ഷയും ഇല്ലാതായി- മോഹന കൃഷ്ണന്‍ പറഞ്ഞു.
ഇന്നലെ രാത്രി പുകപ്പുരയോട് ചേര്‍ന്നുള്ള സ്‌റ്റോക്ക് റൂമില്‍ നിന്നു 250 റബ്ബര്‍ ഷീറ്റുകളാണ് മോഷണം പോയത്. പുകപ്പുരയിലേയ്ക്കുള്ള വഴിയില്‍ പത്തോളം ഷീറ്റുകള്‍ വീണു കിടക്കുന്നതു കണ്ട് നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മോഷണ വിവരം ആദൂര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നു മോഹന കൃഷ്ണ ഭട്ട് പറഞ്ഞു.







