കണ്ണൂര്‍: രണ്ടു കൊലക്കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയായി 20 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന ആള്‍ ഒടുവില്‍ അറസ്റ്റില്‍. കണ്ണൂര്‍, താവക്കര, വലിയവളപ്പ് കാവിനടുത്ത് താമസക്കാരനായ രാഗേഷി(29)നെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബംഗ്ളൂരുവില്‍ വച്ച് പിടികൂടിയത്.
എസിപി എം പി ആസാദ്, നര്‍ക്കോട്ടിക് സെല്‍ എസിപി വിവി മനോജ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രാഗേഷ് പിടിയിലായത്.
കണ്ണൂരിനെ നടുക്കിയ കൊമ്പ്ര പ്രദീപന്‍ കൊലക്കേസിലെ പ്രതിയാണ് ഇയാള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് എ കെ ജി ആശുപത്രി വളപ്പില്‍ വച്ചാണ് പ്രദീപനെ രാഗേഷ് കൊലപ്പെടുത്തിയത്. ഈ കേസില്‍ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലായി. പ്രസ്തുത സമയത്താണ് സിപിഎം നേതാവായ രവീന്ദ്രനെ ജയിലില്‍ വച്ച് രാഗേഷ് കൊലപ്പെടുത്തിയത്. ഈ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ പല പൊലീസ് ഉദ്യോഗസ്ഥരും ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. ബി ജെ പി പ്രവര്‍ത്തനായ താവക്കരയിലെ യോഗാനന്ദനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് രാഗേഷ്. രണ്ടുപതിറ്റാണ്ടായി ഒളിവില്‍ കഴിയുന്ന രണ്ടു കൊലക്കേസുകളില്‍ പ്രതിയായ രാഗേഷിനെ പിടികൂടണമെന്ന ഉറച്ച തീരുമാനമാണ് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയഭാരത് റെഡ്ഢി കൈക്കൊണ്ടത്. പ്രതിയെ കണ്ടെത്തി പിടികൂടാന്‍ എ സി പി മാരുടെ മേല്‍നോട്ടത്തില്‍ സിറ്റി പൊലീസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ വിനോദ്, എ എസ് ഐ മാരായ ഷാജി രാജീവന്‍, സ്നേഹേഷ്, സജിത്ത്, ലെവന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നാസര്‍, അനൂപ്, ഷംസീര്‍ എന്നിവര്‍ രംഗത്തിറങ്ങി.
ജാമ്യത്തില്‍ ഇറങ്ങി കണ്ണൂരില്‍ നിന്നു മുങ്ങിയ രാഗേഷ് ആദ്യകാലത്ത് ബംഗ്ളൂരുവില്‍ ജോലി ചെയ്തിരുന്നതായി അന്വേഷണ സംഘത്തിനു തുടക്കത്തില്‍ തന്നെ സൂചന ലഭിച്ചു. പഴയകാല സുഹൃത്തില്‍ നിന്നു രാഗേഷിന്റെ ആദ്യകാല ഫോട്ടോയും സംഘടിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി രാഗേഷിന്റെ വീട്ടിലെത്തിയ പൊലീസിനു മറ്റു വിവരമൊന്നും ലഭിച്ചില്ല. വീട്ടില്‍ ഉണ്ടായിരുന്ന എല്ലാ ഫോട്ടോകളും പോകുമ്പോള്‍ രാഗേഷ് കൊണ്ടുപോയിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് അയച്ചു കൊടുക്കാനാണ് ഫോട്ടോകള്‍ കൊണ്ടുപോകുന്നതെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എങ്കിലും രാഗേഷിന്റെ അവ്യക്തമായ ഒരു ഫോട്ടോ തരപ്പെടുത്തിയാണ് പൊലീസ് സംഘം വീട്ടില്‍ നിന്നു മടങ്ങിയത്. പ്രസ്തുത ഫോട്ടോ പൊലീസിലെ വിദഗ്ദ്ധ പ്രൊഫഷണലുകളുടെ സഹായത്തോടെ മാറ്റം വരുത്തി. ഈ ഫോട്ടോ കണ്ട ഒരു സുഹൃത്ത് രാഗേഷിനെ തിരിച്ചറിയുകയും ബംഗ്ളൂരുവിനു സമീപത്ത് മലയാളി നടത്തുന്ന കാറ്ററിംഗ് സ്ഥാപനത്തില്‍ കണ്ടിരുന്നതായും സൂചന നല്‍കി. അന്വേഷണ സംഘം ബംഗ്ളൂരുവില്‍ എത്തി മലയാളികള്‍ നടത്തുന്ന കാറ്ററിംഗ് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
ഫോട്ടോയിലുള്ള ആളെ തര്‍ബനഹള്ളിയില്‍ കണ്ടിരുന്നുവെന്നും മറ്റൊരു പേരില്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ച് ഒന്നിച്ച് കഴിയുന്നതായും പൊലീസിനു വിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസ് സംഘം തര്‍ബന ഹള്ളിയിലെത്തി ഒരാഴ്ചക്കാലം വേഷം മാറി അന്വേഷണം നടത്തി. ഇതിനിടയിലാണ് തൃശൂര്‍ സ്വദേശിനിയായ സ്ത്രീയെ കല്യാണം കഴിച്ച് സാബു എന്നു പേരുള്ള ഒരു മലയാളി താമസിച്ചു വരുന്നതായി കണ്ടെത്തിയത്. കാറ്ററിംഗ് ജോലി കഴിഞ്ഞാല്‍ വീട്ടിലേയ്ക്ക് മടങ്ങി, ഒതുങ്ങി കഴിയുന്നതിനാല്‍ നാട്ടുകാര്‍ക്ക് സാബുവിനെ സംശയമൊന്നും തോന്നിയിരുന്നില്ല. സാബുവിന് ഒരു ടൂവീലര്‍ ഉണ്ടെന്ന കാര്യം മനസ്സിലാക്കിയ പൊലീസ് സംഘം അതിന്റെ നമ്പര്‍ സംഘടിപ്പിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണ്ണായകമായത്. വാഹനത്തിന്റെ ആര്‍ സി യില്‍ രാഗേഷ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ആര്‍ സിക്കായി നല്‍കിയ വിവരങ്ങളില്‍ ഒരു ഫോണ്‍ നമ്പരും ഉണ്ടായിരുന്നു. അതും രാഗേഷിന്റേതായിരുന്നു. ഇതോടെയാണ് പൊലീസ് സംഘം ഇന്ന് (ചൊവ്വ) പുലര്‍ച്ചെ തര്‍ബന ഹള്ളിയിലെ വീടു കണ്ടെത്തി രാഗേഷിനെ പിടികൂടിയത്.








