കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിയാപ്പദവ്, ബട്ടിപ്പദവില്‍ ഇന്നലെ (തിങ്കള്‍) ഉച്ചക്ക് വ്യാപാരിക്കു നേരെ ഉണ്ടായ വെടിവയ്പ് സംഭവത്തില്‍ 4 പേര്‍ക്കെതിരെ കേസെടുത്തു. നിരവധി കേസുകളില്‍ പ്രതികളായ ഖാദര്‍ മദങ്കല്ല്, മിയാപ്പദവ് റഹീം, അബൂബക്കര്‍ സിദ്ദിഖ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. വെടിവയ്പിന് ശേഷം കാറില്‍ കര്‍ണാടകയിലേക്ക് കടന്ന അക്രമികള്‍ക്കായി പൊലീസ് വ്യാപകമായി തെരച്ചില്‍ തുടങ്ങി. ബട്ടിപ്പദവിലെ വ്യാപാരിയായ ഷുഹൈബ് മോയിന്‍ ഷേഖി (28)നു നേരെയാണ് വെടിവെയ്പ്പുണ്ടായത്.ചാരനിറത്തിലുള്ള കാറിലെത്തിയ സംഘം ഷുഹൈബിന്റെ മുഖത്തടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പ്രകോപനം സൃഷ്ടിച്ച അക്രമി സംഘം ശുഹൈബിനു നേരെയും വെടിയുതിര്‍ത്തു. തലനാരിഴക്കാണ് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടതെന്നു ശുഹൈബ് പൊലീസിനു മൊഴി നല്‍കി.
കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് ശുഹൈബും മച്ചംപാടി സ്വദേശിയും തമ്മില്‍ നേരത്തെ പ്രശ്‌നം ഉണ്ടായിരുന്നതായി പറയുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കാറിലെത്തിയ സംഘം പട്ടാപ്പകല്‍ ശുഹൈബിനു നേരെ വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. അക്രമികളെ പിടികൂടിയാല്‍ മാത്രമേ വെടിവെപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളുവെന്നു കൂട്ടിച്ചേര്‍ത്തു.
അതേസമയം മഞ്ചേശ്വരം പൊലീസ് പരിധിയിൽ ഗുണ്ടാ സംഘം വീണ്ടും തല പൊക്കിയത് ഭീതിയുയർത്തുന്നുവെന്നു നാട്ടുകാർ പറഞ്ഞു.







