കാസര്‍കോട്: ദേശീയപാത പണി ഒരു ഭാഗത്തു തിരക്കുപിടിച്ചു നടക്കുമ്പോള്‍ പണി കഴിഞ്ഞ കാസര്‍കോട്ടെ സര്‍വീസ് റോഡില്‍ കാടു കയറിത്തുടങ്ങി. ബസ് കാത്തിരിപ്പ് കേന്ദ്രം കാടുമൂടിക്കൊണ്ടിരിക്കുന്നു. ബസ് കാത്തുനില്‍ക്കുന്നവര്‍ ഇഴ ജന്തുക്കളെ പേടിക്കേണ്ട അവസ്ഥയിലായെന്നു പരാതിയുണ്ട്.
കുമ്പള ദേവീനഗറില്‍ ദേശീയപാത സര്‍വീസ് റോഡിനരികില്‍ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കാട് കയറിക്കൊണ്ടിരിക്കുന്നു. ഇഴജന്തുക്കളുടെ ശല്യം ബസ് കാത്തിരിക്കുന്നവരുടെ ജീവന് ഭീഷണിയാകുമോ എന്നു ഭീതിയുണ്ട്.
ദേശീയപാതകളും, സര്‍വീസ് റോഡും, അടിപ്പാതകളും ശുചീകരിക്കാന്‍ നിര്‍മ്മാണ കമ്പനി കരാര്‍ നല്‍കിയിട്ടുണ്ട്. ശുചീകരണ തൊഴിലാളികള്‍ മാസത്തില്‍ ഒരിക്കല്‍ ചപ്പുചവറുകള്‍ നീക്കിയും,പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊറുക്കിയെടുത്തും അടിച്ചു വൃത്തിയാക്കുന്നുമുണ്ട്.എന്നാല്‍ സര്‍വീസ് റോഡിനരികില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്ക് സമീപം കാടുകള്‍ വെട്ടിമാറ്റാന്‍ ഇവരുടെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടാകുന്നില്ല. മരാമത്തും തദ്ദേശസ്ഥാപനങ്ങളും അതു കണ്ടു തമാശ പറഞ്ഞിരിക്കുന്നു.
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പോരായ്മ എല്ലായിടങ്ങളിലുമുണ്ട്. ചിലയിടങ്ങളില്‍ ശക്തമായ മഴയില്‍ വെള്ളം കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഇരിപ്പിടങ്ങളില്‍ വീഴുന്നു. ഇത് പ്രായമായവര്‍ക്കും കൈക്കുഞ്ഞുങ്ങളുമായി ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും ദുരിതമാകുന്നുണ്ട്.
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും, മഴക്കാലത്ത് മഴവെള്ളം വീഴാതിരിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നുണ്ട്.







