കാസർകോട്: കോവിഡ് കാലത്ത് നിർത്തിവെച്ചിരുന്ന കാഞ്ഞങ്ങാട്–രാവണേശ്വരം കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ നിർദേശപ്രകാരം ആണ് കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും സർവീസ് വീണ്ടും ആരംഭിച്ചത്. ചിങ്ങമാസ സംക്രമ ദിവസം കാഞ്ഞങ്ങാട് ഡിപ്പോയിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് എം.എൽ.എ ഗോവിന്ദൻ പള്ളിക്കാപ്പിൽ ബസ് ഫ്ലാഗ് ഓഫ് ചെയ്ത് സർവീസ് ആരംഭിച്ചു. രാവണേശ്വരം, വെള്ളിക്കോത്ത് പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ, ജീവനക്കാർ, വ്യാപാരികൾ, മറ്റ് ദിവസേന യാത്ര ചെയ്യുന്നവർ എന്നിവർക്ക് ഈ സർവീസ് ഏറെ പ്രയോജനപ്പെടും. സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും മറ്റും നിരന്തര നിവേദനങ്ങളും ഇടപെടലുകളും നടത്തിയിരുന്നു. കാഞ്ഞങ്ങാട് നിന്ന് രാവിലെ 8 മണിക്കും വൈകിട്ട് അഞ്ചിനുമാണ് സർവീസ്. ചടങ്ങിൽ സി.എം.പി ജില്ലാ സെക്രട്ടറി സി.വി. തമ്പാൻ, വർക്കിങ് സെക്രട്ടറി ടി.വി. ഉമേശൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. സുരേഷ്, ബ്ലോക്ക് പ്രസിഡന്റ് മധു ബാലൂർ, പ്രഭാകരൻ കാഞ്ഞങ്ങാട്, കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് ഡിപ്പോ എ.ടി.ഒ സത്യനാഥ്, കൺട്രോളിങ് ഓഫീസർ പുരുഷോത്തമൻ, കെ.എസ്.ടി.ഡബ്ല്യു.യു പ്രസിഡന്റ് എസ്. പവിത്രൻ തുടങ്ങിയവർ സംബന്ധിച്ചു.







