ബാങ്ക് ജീവനക്കാരന്‍ ചമഞ്ഞ് കാസര്‍കോട്ടെ മൊബൈല്‍ ഷോപ്പില്‍ നിന്ന് ടാബുമായി കടന്നു കളഞ്ഞ യുവാവ് അറസ്റ്റില്‍; കുടുങ്ങിയത് സമാന രീതിയിലുള്ള നിരവധി കേസുകളിലെ പ്രതി

കാസര്‍കോട്: ബാങ്ക് ജീവനക്കാരന്‍ ചമഞ്ഞ് കാസര്‍കോട്ടെ മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ നിന്നു വിലപിടിപ്പുള്ള ടാബുമായി കടന്നു കളഞ്ഞ വിരുതന്‍ അറസ്റ്റില്‍. കൊച്ചി ഇടപ്പള്ളി സ്വദേശിയായ കിഷോര്‍ ശങ്കറി (41)നെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എംടിപി സൈഫുദ്ദീനും സംഘവും അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
ജൂലായ് 20ന് ആണ് കേസിനാസ്പദമായ സംഭവം. മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ എത്തിയ കിഷോര്‍ ശങ്കര്‍ ബാങ്ക് ജീവനക്കാരനാണെന്നു സ്വയം പരിചയപ്പെടുത്തി. തുടര്‍ന്ന് വിവിധ ഫോണുകളും ടാബുകളും പരിശോധിച്ചു. അവസാനം 30,000 ൽ അധികം രൂപ വില വരുന്ന ടാബ് വാങ്ങി. പണം അയച്ചു തരാമെന്നു പറഞ്ഞാണ് കിഷോര്‍ ശങ്കര്‍ ഷോപ്പില്‍ നിന്നു പോയത്. മൂന്നു ദിവസം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഉടമ പൊലീസില്‍ പരാതി നല്‍കിയത്. കൊച്ചി, നാദാപുരം പാലസ് എന്നാണ് കിഷോര്‍ ശങ്കര്‍ കടയിൽ മേല്‍വിലാസമായി നല്‍കിയത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കിഷോര്‍ ശങ്കര്‍ പൊലീസിന്റെ വലയിലായത്. പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കിഷോര്‍ ശങ്കര്‍ സമാനരീതിയില്‍ പത്തോളം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page