വിവാഹ മോചന കേസ് നല്‍കിയ വിരോധം; ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

പയ്യന്നൂര്‍: വിവാഹ മോചനത്തിനു കേസു കൊടുത്ത വിരോധത്തില്‍ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു. കണ്ണൂര്‍, സാമിമുക്ക് ചവ്വോക്ക് വളപ്പിലെ പരേതനായ അച്യുതന്റെ മകന്‍ സി.വി.സനല്‍ (46) ആണ് ഇന്ന് (ചൊവ്വ) രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. വധശ്രമക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് പൊലീസ് കാവലില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് സനലിന്റെ മരണം.
മാതാവ്: സിവി സുശീല. സഹോദരങ്ങള്‍: സിവി അനില്‍ കുമാര്‍ (സ്വകാര്യ ബസ് കണ്ടക്ടര്‍), സിവി സുനില്‍ കുമാര്‍ (നിര്‍മ്മാണ തൊഴിലാളി ആലക്കോട്). മക്കള്‍: ഘനശ്യാം, നിധാഷ.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സനലിന് ഗുരുതരമായി പൊള്ളലേല്‍ക്കാനിടയായ സംഭവം നടന്നത്. കരിവെള്ളൂര്‍, കൂക്കാനം, മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ പ്രജുഷ (37) യാണ് സനലിന്റെ ഭാര്യ. ദാമ്പത്യ പ്രശ്‌നത്തെത്തുടര്‍ന്ന് പ്രജുഷയും മക്കളും മാസങ്ങളായി കൂക്കാനത്തെ വീട്ടിലാണ് താമസം. ഇതിനിടയിലാണ് അടുത്തിടെ വിവാഹ മോചനത്തിന് കേസ് നല്‍കിയത്. ഈ വിരോധത്തില്‍ ഞായറാഴ്ച രാത്രി 10 മണിയോടെ കൂക്കാനത്തെ ഭാര്യ വീട്ടില്‍ അതിക്രമിച്ചു കയറിയ സനല്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ഭാര്യ പ്രജുഷയുടെ ദേഹത്തേയ്ക്ക് പെട്രൊളോഴിച്ച് തീ കൊളുത്തുകയായിരുന്നു. അക്രമത്തിനു ശേഷം വീട്ടിന് പുറത്തേക്ക് ഓടുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ സനല്‍ നിലത്ത് വീഴുകയായിരുന്നു. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രജുഷയുടെ മാതാവ് പത്മിനിക്കും പൊള്ളലേറ്റിരുന്നു. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സാരമായി പൊള്ളലേറ്റ സനലിനെ പൊലീസിന്റെ നേതൃത്വത്തിലാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ വധശ്രമത്തിനു കേസെടുക്കുകയും ചെയ്തിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്നാണ് പരിയാരത്തേക്ക് മാറ്റിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page