പാലക്കാട്: കാറില്‍ കടത്തിക്കൊണ്ടു വന്ന ഒരു കിലോ എംഡിഎംഎയുമായി യുവതിയും ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. കൊക്കെയിന്‍, ഹൈബ്രീഡ് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പുകള്‍ എന്നിവയും സംഘത്തില്‍ നിന്നു പിടികൂടിയിട്ടുണ്ട്.
മംഗ്‌ളൂരു സ്വദേശിനി ബീഫാത്തിമ ഇവരുടെ ഭര്‍ത്താവ് മലപ്പുറം, വേങ്ങര സ്വദേശി അസറുദ്ദീന്‍, സുഹൃത്ത് കോട്ടയം, കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിന്‍ എന്നിവരാണ് പാലക്കാട്ട് അറസ്റ്റിലായത്. പിടിയിലായ ലഹരി വസ്തുക്കള്‍ക്ക് ഒരു കോടിയിലധികം രൂപ വില വരുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ നിന്ന് വാടകക്കെടുത്ത ഇന്നോവ കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്. ലഹരിക്കടത്ത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ച പൊലീസ് സംഘം ഒലവക്കോട് വച്ച് കാര്‍ തടഞ്ഞു നിര്‍ത്തിയാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. സംഘത്തിന് അന്തര്‍ സംസ്ഥാന ലഹരിക്കടത്തു സംഘവുമായി ബന്ധം ഉണ്ടെന്നു പൊലീസ് വ്യക്തമാക്കി. ഓണക്കാലം ലക്ഷ്യം വച്ചാണ് സംഘം ലഹരി വസ്തുക്കള്‍ കടത്തിക്കൊണ്ടു വന്നതെന്നു കൂട്ടിച്ചേര്‍ത്തു.








