കാസർകോട് : ബൈക്കിൽ കടത്തുകയായിരുന്ന 51 ഗ്രാം എം ഡി എം എ യുമായി പിടിയിലായ മഞ്ചേശ്വരം കൂബന്നൂർ കാനാ വീട്ടിൽ റിയാസുദ്ദീന്റെ മകൻ മുഹമ്മദ് സമീറിനെ(43) കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണം. 2021 ഒക്ടോബർ നാലിനു രാവിലെ 11.45 മണിക്ക് മഞ്ചേശ്വരം താലൂക്കിലെ കയ്യാർ കൈകമ്പ-ബായിക്കട്ട റോഡിൽ വെച്ച് കെ എൽ 14 എസ് 9246 നമ്പർ ബൈക്കിൽ മയക്ക് മരുന്ന് കടത്തികൊണ്ടു പോകുമ്പോഴാണ് കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫും ,പ്രിവൻ്റീവ് ഓഫീസർമാരായ സന്തോഷ്കുമാർ വി , ബിജോയ് ഇ.കെ , സുധീന്ദ്രൻ എം.വി , സാജൻ അപ്യാൽ, നിഷാദ് പി നായർ ,മഞ്ജുനാഥൻ വി ‘മനോജ് പി ,മോഹൻകുമാർ എൽ ,ശൈലേഷ്കുമാർ പി എന്നിവരുമുൾപ്പെട്ട സംഘം വാഹനമടക്കം എം ഡി എം എ യുമായി പ്രതിയെ അറസ്റ്റു ചെയ്ത്. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എസ് കൃഷ്ണകുമാറാണ്കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ചന്ദ്രമോഹൻ ജി ,അഡ്വ:ചിത്രകല എം എന്നിവർ ഹാജരായി.








