കണ്ണൂര്‍: ചൊക്ലിയില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥി ശിവസൂര്യ(17)യെ എട്ട് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. പിതാവ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തില്‍ വിദ്യാര്‍ഥി വീടുവിട്ടിറങ്ങുകയായിരുന്നു. വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനായി എസ്ഐടി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയുടേതെന്നു കരുതുന്ന കുറിപ്പ് വീട്ടില്‍നിന്നു കണ്ടെടുത്തിരുന്നു. കാശിയിലേക്കു പോകുകയാണെന്നും ഇനിയുള്ള കാലം അവിടെക്കഴിഞ്ഞ് ദൈവത്തോട് അലിയുമെന്നുമാണു കുറിപ്പിലുണ്ടായിരുന്നത്. 3000 രൂപയും രണ്ടു ജോഡി വസ്ത്രവും എടുത്താണ് ശിവസൂര്യ വീടുവിട്ടത്.








