നാല് മാസം തികയും മുമ്പേ ‘വേണ്ടായിരുന്നു’ എന്ന് പറയുന്ന അവസ്ഥയിലേക്ക് യു.ഡി.എഫ് സർക്കാരിനെ എത്തിച്ചു: സുജാത

കാസർകോട്: പത്തുവർഷക്കാലം വികസനത്തിനും സമസ്ത മേഖലകളിലെയും ജനസേവനത്തിനും നേതൃത്വം നൽകിയ എൽ.ഡി.എഫ് സർക്കാരിനെ മാറ്റുന്നതിനായി യു.ഡി.എഫിന് വോട്ട് ചെയ്തവർക്ക്, നാല് മാസം തികയും മുമ്പേ ആ തീരുമാനം വേണ്ടായിരുന്നുവെന്ന് പറയേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്ന് കെ.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് സുജാത ടീച്ചർ അഭിപ്രായപ്പെട്ടു. സി.പി.എം. നീർച്ചാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കന്യപ്പാടിയിൽ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

അങ്കണവാടിയിലെ കുട്ടികൾ ആവശ്യപ്പെട്ട കാര്യങ്ങൾപോലും കേട്ട് നടപ്പിലാക്കാൻ തയ്യാറായ മന്ത്രിയുണ്ടായിരുന്ന കാലം കേരളത്തിലുണ്ടായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന വീടുകളിൽ കേന്ദ്രസർക്കാരിന്റെ ലോഗോ പതിപ്പിക്കണമെന്ന നിർദേശം കുടുംബങ്ങളുടെ ആത്മാഭിമാനത്തെ ബാധിക്കുന്നതാണെന്നും അത്തരമൊരു നിർദേശം നടപ്പിലാക്കാൻ കഴിയില്ലെന്ന നിലപാടെടുക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നുവെന്നും സുജാത പറഞ്ഞു.
കേന്ദ്രത്തിന്റെ വിഹിതം വേണ്ടെന്നുവെക്കാൻ പോലും തയ്യാറാണെന്ന് പറയാൻ കഴിയുന്ന മുഖ്യമന്ത്രിയുണ്ടായിരുന്ന കാലമായിരുന്നു അതെന്നും
എന്നാൽ ആ നിലപാടുകളെയെല്ലാം മാറ്റിമറിക്കുന്ന തരത്തിലാണ് യു.ഡി.എഫ് സർക്കാരിന്റെ നാലുമാസത്തെ പ്രവർത്തനങ്ങളും മന്ത്രിമാരുടെ പ്രതികരണങ്ങളും മുന്നോട്ടുപോകുന്നതെന്ന് സുജാത പറഞ്ഞു.
കേരളത്തിൽ 35 സീറ്റുകൾ ലഭിച്ചാൽ മതിയെന്നായിരുന്നു ബി.ജെ.പി. നേതാവ് പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ ബി.ജെ.പിയുടെ മൂന്ന് സീറ്റുകൾകൊണ്ട് യു.ഡി.എഫിന്റെ ഭരണം കൈയടക്കിയ സ്ഥിതിയാണുള്ളതെന്നും അവർ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പിലെ പരാജയംകൊണ്ട് സി.പി.എം. തളർന്നുപോയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. എം. മദൻ അധ്യക്ഷത വഹിച്ചു. ബി.എം. സുബൈർ സ്വാഗതം പറഞ്ഞു. ബി. ശോഭ, പഞ്ചായത്ത് അംഗം അന്നത്ത് ബീവി, എം.എസ്. ശ്രീകാന്ത്, സുബ്ബണ്ണ റൈ, ടി. ഉദയ തൽപ്പനാജെ, കെ.എം. ശാഫി, അബ്ദുൽ ഖാദർ മാന്യ, സുരേഷ് പട്ടാജെ, എം.എസ്. യോഗീഷ് സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page