കാസര്‍കോട്: അമിത വേഗതയിലെത്തിയ കാറിടിച്ച് മാതാവിനും മകള്‍ക്കും പരിക്ക്. കൂടെ ഉണ്ടായിരുന്ന പേരമകന് പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ പാവൂര്‍, ഗേരുക്കട്ടയിലെ ശ്യാംബവി (68), മകള്‍ സുജിത്ര (48) എന്നിവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതാണെന്നു പറയുന്നു.
ഇന്നലെ (ഞായര്‍) വൈകുന്നേരം മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിനു സമീപത്താണ് അപകടം. ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് ശ്യാംബവിയും മകളും പേരമകനും സ്ഥലത്തെ ഒരു വീട്ടില്‍ എത്തിയത്. ജോലിക്കാര്യം സംസാരിച്ച ശേഷം തിരികെ പോകാനായി റോഡിലേക്കിറങ്ങിയതായിരുന്നു മൂന്നുപേരും. ഇതിനിടയില്‍ അമിതവേഗതയില്‍ എത്തിയ കാര്‍ മൂന്നു പേരെയും ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിക്കൂടുന്നതിനിടയില് കാര്‍ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ അപകടത്തിനു ഇടയാക്കിയ കാര്‍ കസ്റ്റഡിയിലെടുത്തു.







