കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ഡോ.എം.പി. പരമേശ്വരന്‍ അന്തരിച്ചു

തൃശൂര്‍: മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന ഡോ.എം പി പരമേശ്വരന്‍ (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃശ്ശൂരിലെ വസതിയില്‍ ആയിരുന്നു അന്ത്യം.ശാസ്ത്രജ്ഞന്‍, ശാസ്ത്രപ്രചാരകന്‍, എഴുത്തുകാരന്‍, സൈദ്ധാന്തികന്‍, സാക്ഷരതാ പ്രവര്‍ത്തകന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു. സിപിഎം അംഗമായിരുന്ന എം പി പരമേശ്വരനെ സൈദ്ധാന്തിക വിയോജിപ്പിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. 1935 ജനുവരി 18ന് തൃശൂര്‍ ജില്ലയിലെ കിരാലൂരായിരുന്നു ജനനം. തൃശൂര്‍ സിഎംഎസ് ഹൈസ്‌കൂള്‍, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം മോസ്‌കോ പവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആണവശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി. 1957-ല്‍ ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്ററില്‍ ശാസ്ത്രജ്ഞനായി ചേര്‍ന്നു. 1975 ജോലി രാജിവെച്ചതിന് പിന്നാലെ അദ്ദേഹം സിപിഐഎമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ശാസ്ത്ര, വൈജ്ഞാനിക, സാഹിത്യ മേഖലകളില്‍ ഒട്ടേറെ പുരസ്‌കാരങ്ങളും എം.പി പരമേശ്വരന് ലഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page