കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം യുവാവിനെ ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായക്കൊടി സ്വദേശി വിനു പ്രസാദാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഭാര്യയ്ക്ക് കൂട്ടിരിക്കാനായാണ് വിനു പ്രസാദ് ആശുപത്രിയിലെത്തിയത്. ഇതിനിടെയാണ് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ജീപ്പിനുള്ളില്‍ യുവാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. വിവരമറിഞ്ഞ് മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണകാരണം നിലവില്‍ വ്യക്തമായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ഉണ്ടാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








