സവര്‍ക്കര്‍ വിവാദം: മന്ത്രിക്കെതിരെ ബിജെപി മാര്‍ച്ച്‌; അതിനെതിരെ യൂത്ത് ലീഗ് മാര്‍ച്ച്, 3.90 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കുമ്പള സ്‌കൂള്‍ ബഹുനില കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

കുമ്പള: സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ അനുഭവിച്ചതാരാണെന്ന ഫ്രീഡം ക്വിസ്സിലെ ചോദ്യവും അതിനെ തുടര്‍ന്ന് ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന് നേതൃത്വം കൊടുത്ത അധ്യാപകനു നേരെയുണ്ടായ സസ്‌പെന്‍ഷന്‍ നടപടിയും കുമ്പളയില്‍ ജി എസ് ബി എസ് സ്‌കൂള്‍ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എന്‍ ഷംസുദ്ദീനെതിരെ ബിജെപിയുടെ പ്രതിഷേധ മാര്‍ച്ചിനും അതിനെതിരെ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ എതിര്‍മാര്‍ച്ചിനും വഴിവെച്ചു. ഇത് കുമ്പളയില്‍ അല്‍പനേരത്തേക്ക് ആശങ്ക വര്‍ദ്ധിപ്പിച്ചു.

അംഗസംഖ്യയില്‍ കുറവായിരുന്ന പൊലീസ്, ഇരു മാര്‍ച്ചിനുമിടയില്‍ നിന്നു ഇരു സംഘവും പരസ്പരം ഏറ്റുമുട്ടുന്നത് തടഞ്ഞു. അതിനിടയില്‍ ബിജെപി മാര്‍ച്ചില്‍ പങ്കെടുത്ത മൂന്നു പേരെ കസ്റ്റഡിയിലെടുത്തു ജീപ്പില്‍ കയറ്റിയതോടെ മാര്‍ച്ചിനു നേതൃത്വം കൊടുത്ത ബിജെപി ജില്ലാ പ്രസിഡണ്ട് എംഎല്‍ അശ്വിനി പൊലീസ് ജീപ്പ് തടഞ്ഞു. ജീപ്പിനു പിന്നിലും ബിജെപി പ്രവര്‍ത്തകര്‍ നിരന്നതോടെ പൊലീസ് ജീപ്പ് ആള്‍ക്കൂട്ടത്തില്‍ കുടുങ്ങിയെങ്കിലും ചടുലവും തന്ത്രപരവുമായ നീക്കത്തിലൂടെ ജീപ്പ് ആള്‍ക്കൂട്ടത്തില്‍ നിന്ന് പൊലീസ് പുറത്തെത്തിച്ചു. പള്ളത്തടുക്ക സ്‌കൂള്‍ അധ്യാപകന്‍ ഗുരുപ്രസാദിനെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിക്കുക, വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബിജെപി മാര്‍ച്ച്. പൊലീസ് സംഘത്തില്‍ വനിതാ പൊലീസ് ഇല്ലാതിരുന്നതും പൊലീസിന്റെ പ്രവര്‍ത്തനത്തിന് തടസ്സമായിരുന്നു. എങ്കിലും പരിപാടിയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ പൊലീസിന് കഴിഞ്ഞു.

കിഫ്ബി-കിലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.90കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 18 ക്ലാസ് മുറികളോടു കൂടിയ ബഹുനില കെട്ടിടം മന്ത്രി എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എകെഎം അഷ്‌റഫ് എംഎല്‍എ ആധ്യക്ഷ്യം വഹിച്ചു. കല്ലട്ര മാഹിന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എം ബല്‍ക്കീസ്, അസീസ് കളത്തൂര്‍, അഷ്‌റഫ് കര്‍ള, എകെ ആരിഫ് പ്രസംഗിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ സ്‌ക്വയറിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page