കാസർകോട് :മാലിന്യ ശേഖരണത്തിനിടയിൽ ലഭിച്ച രണ്ട് പവൻ സ്വർണമാലയും മുപ്പതിനായിരത്തിലധികം രൂപയും കുടുംബത്തിന് കൈമാറി ഹരിത സേനാംഗങ്ങൾ മാതൃകയായി .പള്ളിക്കര പഞ്ചായത്ത് പത്ത് , പതിനൊന്ന് വാർഡുകളിലെ ഹരിത കർമസേനാംഗങ്ങളാണ് മാതൃകയായത്.കമല എൻ , മമത എന്നിവർക്കാണ് പൊയ് നാച്ചി, പറമ്പിലെ കൃഷ്ണന്റെ വീട്ടിൽ നിന്നു മാലിന്യം ശേഖരിക്കുന്നതിനിടയിൽ സ്വർണവും പണവും ലഭിച്ചത്.മാലിന്യം തരം തിരിക്കുന്ന സമയത്ത് ഒരു പഴകിയ സഞ്ചിയിലാണ് സ്വർണവും പണവും ലഭിച്ചത് . കൃഷ്ണന്റെ ഭാര്യ ജാനകി അടുത്തിടെ മരണപ്പെട്ടിരുന്നു . അവർ ഉപയോഗിച്ചിരുന്ന ഒരു ചെറിയ സഞ്ചിയിൽ ചീർപ്പ്, പൗഡർ എന്നിവ ഉണ്ടായിരുന്നു . അത് മാലിന്യങ്ങളുടെ കൂട്ടത്തിലേക്ക് മാറ്റിയിരുന്നു . ഹരിതസേനാംഗങ്ങൾ സഞ്ചി തുറന്നു നോക്കിയപ്പോഴാണ് കടലാസിൽ പൊതിഞ്ഞ പേഴ്‌സിൽ സ്വർണമാലയും വേറൊരു കടലാസിൽ പണവും കണ്ടെത്തിയത് . ഇന്ന് (തിങ്കൾ ) വൈകിട്ട് നാല് മണിയോടെയാണ് സംഭവം . സ്വർണവും പണവും ഗൃഹനാഥന് കൈമാറി . ഹരിതസേന പ്രവർത്തകരുടെ നല്ല മനസ്സിന് കൃഷ്ണനും കുടുംവും നന്ദി അറിയിച്ചു .







