ഇന്നത്തെ പ്രധാന വാർത്തകൾ

​അമേരിക്കൻ സെനറ്റിന്റെ പുതിയ ബിൽ: റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം താരിഫ് (തീരുവ) ചുമത്താനുള്ള ബില്ലിന് യു.എസ് സെനറ്റ് അംഗീകാരം നൽകി.

​മെക്ക സംയുക്ത പ്രതിരോധ കരാർ: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് പുതിയ സംയുക്ത പ്രതിരോധ കരാറിൽ (“മക്ക കരാർ”) ഒപ്പുവെച്ചു. പ്രദേശിക തലത്തിൽ സൈനിക സഹകരണവും ഏകോപനവും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ പിരിമുറുക്കങ്ങൾക്കിടയിൽ ചർച്ചകൾ പുരോഗമിക്കുന്നതായി യു.എസ് ഭരണകൂടം അറിയിച്ചു.

ഇതിനിടെ ചെങ്കടൽ മേഖലയിൽ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളെത്തുടർന്ന് വിപണിയിൽ ജാഗ്രത തുടരുകയാണ്.

​തായ്ലൻഡിൽ സ്കൂൾ വെടിവെപ്പ്: വടക്കുപടിഞ്ഞാറൻ ബാങ്കോക്കിലെ സ്കൂളിലും വീട്ടിലുമായി 14 വയസ്സുകാരൻ നടത്തിയ വെടിവെപ്പിൽ അധ്യാപകരും ബന്ധുക്കളുമടക്കം ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

​മെറ്റയ്ക്ക് തിരിച്ചടി: കൗമാരക്കാരുടെയും കുട്ടികളുടെയും ഡിജിറ്റൽ സുരക്ഷ മുൻനിർത്തിയുള്ള കേസിൽ ജനപ്രിയ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റയ്ക്ക് കോടി കണക്കിന് ഡോളറിന്റെ പിഴ വിധിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകൾ എന്നിവ മുൻനിർത്തി ഡൽഹി ജന്തർമന്തർ കേന്ദ്രീകരിച്ച് സിജെപി ഉന്നയിക്കുന്ന സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിവിധ സംഘടനകളും ജനപ്രതിനിധികളും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് തുടരുന്നു.

വിഷയത്തിൽ എൻടിഎ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

​കർഷക പ്രതിഷേധവും അതിർത്തി അടയ്ക്കലും: ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന് ഡൽഹി കിസാൻ ഘട്ടിൽ നടത്തുന്ന പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കാൻ പഞ്ചാബിൽ നിന്നുമെത്തിയ കർഷക സംഘത്തെ ഹരിയാന സർക്കാർ ശംഭു അതിർത്തി അടച്ച് തടഞ്ഞു.

​പാർലമെന്റിന് മുന്നിലെ ധർണ്ണ: പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ നടപടികളിൽ പ്രതിഷേധിച്ച് പാർലമെന്റ് വളപ്പിൽ അംബേദ്കർ പ്രതിമയ്ക്ക് താഴെ എം.പി ചന്ദ്രശേഖർ ആസാദ് ധർണ്ണ നടത്തി.

സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്ഥാനെതിരെ ഇന്ത്യ നിലപാടുകൾ കൂടുതൽ കടുപ്പിച്ചു.

റഷ്യൻ കപ്പൽ ആക്രമണത്തിൽ മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ റഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി അമർഷം രേഖപ്പെടുത്തി.

രാജ്യാന്തര വിപണിയിലെ വ്യതിയാനങ്ങളും പശ്ചിമേഷ്യൻ സാഹചര്യങ്ങളും കാരണം ആഭ്യന്തര വിപണിയിൽ സ്വർണവില ഉയർന്ന നിലവാരത്തിൽ തന്നെ തുടരുന്നു.

​അമർനാഥ് യാത്ര താത്‌കാലികമായി നിർത്തി: പാതകളുടെ അറ്റകുറ്റപ്പണികളും സുരക്ഷയും കണക്കിലെടുത്ത് അമർനാഥ് തീർത്ഥാടന യാത്ര താത്കാലികമായി നിർത്തിവെച്ചു.

​സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മലയോര മേഖലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
​ശക്തമായ മഴയെത്തുടർന്ന് കോട്ടയം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി തുടങ്ങിയ ഇടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു.

​കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പിൽ വർധനവുണ്ടായിട്ടുണ്ട്.

​എറണാകുളത്ത് അന്താരാഷ്ട്ര സ്റ്റേഡിയം: എറണാകുളത്ത് പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി.

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

​ പത്തനംതിട്ട കോന്നി ആനത്താവളത്തിൽ മുറിവിൽ മരുന്ന് വച്ചു കൊടുക്കുന്നതിനിടെ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മോഹനൻ നായർ കൊല്ലപ്പെട്ടു.

​ലഹരി കേസുകളിൽ പരിശോധന കർശനം: വടകര എംഡിഎംഎ കേസ് ഉൾപ്പെടെയുള്ള ലഹരി ഇടപാടുകളിലും സാമ്പത്തിക ഉറവിടങ്ങളിലുമുള്ള അന്വേഷണം പൊലീസ് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.

കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച്/റെഡ് അലർട്ടുകൾ പ്രഖ്യാപിക്കുകയും, ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

​ഉരുൾപൊട്ടലും ദുരിതാശ്വാസ ക്യാമ്പുകളും: മലയോര മേഖലകളായ അത്തിയടുക്കത്തും ചിറ്റാരിക്കാൽ കോട്ടമല എസ്റ്റേറ്റിന് സമീപത്തും ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായി. അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

​വെള്ളപ്പൊക്ക ഭീഷണി: തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ തീരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാര്യങ്കോട് പാലത്തിനടിയിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ പുരോഗമിക്കുന്നു.

​തീരദേശത്തെ കടലാക്രമണം: വലിയപറമ്പ്, കോയിപ്പാടി പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്.

​സഞ്ചരിക്കുന്ന റേഷൻ കട: വെള്ളരിക്കുണ്ടിലെ മലയോര-ഗോത്രവർഗ്ഗ മേഖലകൾക്കായി ‘സഞ്ചരിക്കുന്ന റേഷൻ കട’ പദ്ധതിക്ക് തുടക്കമായി.

​നീലേശ്വരം റോഡ് വികസനം: നീലേശ്വരത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന രാജാറോഡ് വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കി.

​ആരോഗ്യ ജാഗ്രത: എച്ച്1എൻ1 റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലയിൽ ആരോഗ്യവകുപ്പും ഡി.എം.ഓയും പ്രതിരോധ നടപടികളും മുൻകരുതൽ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്

ദക്ഷിണ കന്നഡ ജില്ലയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി കുദ്രെമുഖ് ഡിവിഷനിലെ എല്ലാ ട്രെക്കിങ് പാതകളും താൽക്കാലികമായി അടച്ചു.

മഴക്കെടുതികൾ നേരിടാൻ സജ്ജരായിരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

മംഗലാപുരം പാണ്ഡേശ്വറിലെ കോളേജിൽ ജൂനിയർ മലയാളി വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ 5 സീനിയർ മലയാളി വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു.

​ഡേവിഡ് ഡിസൂസ വധക്കേസ്: മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വ്യവസായിയുമായ ഡേവിഡ് ഡിസൂസ വെടിയേറ്റു മരിച്ച സംഭവത്തിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സാമ്പത്തിക തർക്കത്തെത്തുടർന്നുണ്ടായ ക്വാട്ടേഷൻ (സുപാരി) കൊലപാതകമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു.

​ഗണേശോത്സവ സ്പെഷ്യൽ ട്രെയിനുകൾ: ഗണേശോത്സവ തിരക്ക് കണക്കിലെടുത്ത് മുംബൈ സെൻട്രലിൽ നിന്ന് മംഗലാപുരത്തിന് സമീപമുള്ള തൊ ക്കൂറിലേക്ക് വെസ്റ്റേൺ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page