കാസര്‍കോട്: റോഡിന് വീതിയില്ലാത്തതുകൊണ്ട് അപകടങ്ങള്‍ പതിവായ എം.ജി റോഡിലെ ശോഭിക ടെക്‌സ്റ്റൈല്‍സ് കെട്ടിട ഉടമ 4.30 മീറ്റര്‍ സ്ഥലം നഗരസഭയ്ക്ക് വിട്ടുകൊടുത്തു. കെട്ടിട ഉടമ പി.എ. മഹ്‌മൂദ് ഇത് സംബന്ധിച്ച സമ്മത പത്രം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീമിന് കൈമാറി. എംജി റോഡിന്റെ മുഴുവന്‍ ഭാഗവും സുഗമമായ യാത്രയ്ക്ക് സൗകര്യപ്പെടുത്തണമെന്ന് പൊതുവേ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് വിവിധ സംഘടനകള്‍ മനുഷ്യ ചങ്ങലകളും പ്രതിഷേധ സമരങ്ങളും നടത്തിയിരുന്നു. റോഡിന്റെ വീതിക്കുറവ് മൂലം ട്രാഫിക് തടസവും അപകടങ്ങളും ഈ ഭാഗത്ത് പതിവാണ്. അപകടത്തില്‍ അടുത്തിടെ ഒരു വ്യാപാരി മരണപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.എം. ഹനീഫ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമീന മുജീബ്, ജാഫര്‍ കമാല്‍, നഗരസഭാ സെക്രട്ടറി പി.ബി ഷാജു തുടങ്ങിയവര്‍ സംബന്ധിച്ചു.







