കുമ്പള: ഷിറിയ പുഴയില്‍ നിന്ന് അനധികൃതമായി പൂഴി കടത്തിയ യുവാവ് പിടിയില്‍. പൂഴി കടത്താനുപയോഗിച്ച ലോറിയും കസ്റ്റഡിയിലെടുത്തു. കളത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ അബ്ദുല്‍ ജലീലിനെ(20)യാണ് കുമ്പള എസ്‌ഐ എസ് അനൂപും സംഘവും അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാത്രി പട്രോളിങിനിറങ്ങിയ പൊലീസിന് ഷിറിയ പുഴയില്‍ നിന്ന് അനധികൃതമായി മണല്‍കടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് സ്ഥലത്ത് എത്തിയപ്പോള്‍ കട്ടത്തടുക്ക ഭാഗത്തേയ്ക്ക് അതിവേഗം പോകുന്ന ഒരു ലോറിയെ പിന്തുടര്‍ന്ന് ലോറി തടഞ്ഞുവച്ചു. ലോറി ഡ്രൈവറെ ചോദ്യം ചെയ്തതോടെ അനധികൃത മണല്‍ക്കടത്തെന്ന് വ്യക്തമായി. തുടര്‍ന്ന് ഡ്രൈവറായ ജലീലിനെ ഒന്നാം പ്രതിയായും ഒത്താശ ചെയ്ത ലോറി ഉടമയെ രണ്ടാംപ്രതിയായും പൂഴിമോഷണ കുറ്റം ചുമത്തി കേസെടുത്തു. എഎസ്‌ഐ അതുല്‍റാം, ഗ്രേഡ് എഎസ്‌ഐ പ്രേമരാജന്‍ എന്നിവരും റെയ്ഡിനെത്തിയ സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.







