അതിശക്തമായ മഴ ഇന്നും തുടരും: ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് തീവ്ര മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് എന്നീ ജില്ലയിലാണ് തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ എട്ട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെങ്കിലും, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
കേരള തീരത്ത് മത്സ്യബന്ധനത്തിന് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ താബോറിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. തൊണ്ടംകുന്ന് ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് ഉരുൾപൊട്ടിയിരുന്നു.
ഉദയഗിരി താബോർ റോഡ് അടച്ചിരിക്കുകയാണ്. ശക്തമായ മഴയെ തുടർന്ന് ഇടുക്കിയിലെ മലങ്കര അണക്കെട്ട് തുറന്നു. അണക്കെട്ടുകൾ തുറന്നതിനെ തുടർന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുകുന്നതിനാൽ തൊടുപുഴ ആറിന്റെയും മൂവാറ്റുപുഴ ആറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വിഭാഗം വ്യക്തമാക്കി. നാല് ഷട്ടറുകൾ 100 സെ.മീ ഉയർത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page