കാസര്‍കോട്: കാസര്‍കോട് ടൗണിലെ റോഡ് കൈയേറ്റത്തോടൊപ്പം റോഡ് സൈഡിലെ ഷോപ്പിംഗ് കേന്ദ്രങ്ങളിലെ മലിനജലം ഓടയിലൊഴുക്കുന്നതും മുനിസിപ്പല്‍ അധികൃതര്‍ കണ്ടു രസിക്കുന്നെന്നു നാട്ടുകാര്‍ പറയുന്നു.
പുതിയ ബസ് സ്റ്റാന്റിനടുത്തെ ചില ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ ഹോട്ടലുകളില്‍ നിന്നും കടകളില്‍ നിന്നും ലോഡ്ജുകളില്‍ നിന്നുമുള്ള കക്കൂസ് മാലിന്യങ്ങള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇത്തരത്തില്‍ ഓടയില്‍ ചാടിക്കുന്നതുമൂലം പരിസരവാസികള്‍ക്കും നാട്ടുകാര്‍ക്കും ദുര്‍ഗന്ധം കൊണ്ടും മാരക രോഗങ്ങള്‍ മൂലവും ഇരിക്കപ്പൊറുതി ഇല്ലാതായിരിക്കുകയാണെന്നു ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിതപിക്കുന്നു.
ഇക്കാര്യം മുനിസിപ്പല്‍ കൗണ്‍ലര്‍മാരും ജനങ്ങളും മുനിസിപ്പല്‍ ഓഫീസില്‍ പരാതിയും പരിവേദനവും നടത്തിയിരുന്നു. ഒരു തവണയല്ല, പലതവണ പരാതികൊടുക്കുകയും നടപടിയുണ്ടാവുന്നില്ലെന്നു പരാതിപറയുകയും ചെയ്തതിനെ തുടര്‍ന്നു മുനിസിപ്പല്‍ ആരോഗ്യ വിഭാഗം കടകള്‍ക്കു മുന്നില്‍ എത്തി നമസ്‌ക്കരിച്ചു മടങ്ങുകയായിരുന്നെന്നു നാട്ടുകാരെല്ലാം പറയുന്നുണ്ട്, മുനിസിപ്പല്‍ ഭരണക്കാരെയും ഇതെല്ലാം അറിയിച്ചെങ്കിലും എല്ലാ ശരിയാക്കുമെന്നു അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നു- നാട്ടുകാര്‍ പറയുന്നു.
ആറുമാസത്തിനിടയിലാണ് സ്വകാര്യ സ്ഥാപനങ്ങളുടെ മാലിന്യം ജനവാസ കേന്ദ്രങ്ങളിലെ ഓടകളില്‍ പൈപ്പ് വച്ച് ഒഴുക്കിവിടാന്‍ തുടങ്ങിയതെന്നും അന്നു മുതല്‍ ഇതുമൂലമുണ്ടാവുന്ന ദുരവസ്ഥ മുനിസിപ്പല്‍ അധികൃതരെ അറിയിക്കുകയാണെന്നുമാണ് പരാതി. മുനിസിപ്പല്‍ ഭരണം, ഭരണപ്പാര്‍ട്ടിയുടെ പ്രമാണികള്‍ക്കായി മാറുകയാണെന്നും പരാതി വ്യാപകമാവുന്നുണ്ട്.
ഇതിനിടയില്‍ ഇന്നലെ (ചൊവ്വ) രാത്രി നഗരസഭ കെട്ടിടങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്നു പറയുന്ന നിര്‍ദ്ദേശം അവഗണിച്ചു മലിനജലവും ശൗചാലയത്തില്‍ നിന്നുള്ള മാലിന്യങ്ങളും ഓടയിലേക്ക് ഒഴുക്കി വിട്ടതായി നാട്ടുകാര്‍ ക്ഷോഭിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സനും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും ഇത്തരം നിയമലംഘനങ്ങള്‍ തടയാന്‍ വിലക്കുണ്ടെങ്കില്‍ അക്കാര്യം വെളിപ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജനപ്രതിനിധികള്‍ക്കും അധികാരികള്‍ക്കും ശേഷിയില്ലെങ്കില്‍ അക്കാര്യം ഏറ്റെടുക്കാന്‍ നാട്ടുകാര്‍ തയ്യാറാണെന്നു അക്കൂട്ടര്‍ മുനിസിപ്പല്‍ അധികൃതരെ മുന്നറിയിച്ചു.







