പാലക്കാട്: ക്ലാസ് എടുക്കുന്നതിനിടെ സംസാരിച്ചതിന് അധ്യാപകൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെയാണ് അധ്യാപകൻ മർദ്ദിച്ചത്. അധ്യാപകനായ നൗഷാദ്, മുഖത്ത് അടിച്ചുവെന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥി പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അധ്യാപകൻ നിരന്തരം വിദ്യാർത്ഥികളെ ക്രൂരമായ ഉപദ്രവിക്കാറുണ്ടെന്നും, മുൻപും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും വിദ്യാർത്ഥി പറഞ്ഞു. അടിയേറ്റ് മകന്റെ മുഖത്തു വീക്കം വന്നെന്നും തുടർന്ന് ചോദിക്കാൻ എത്തിയ തന്നെയും അധ്യാപകൻ ആക്രമിക്കാൻ ശ്രമിച്ചതായും പിതാവ് മോഹൻദാസ് ആരോപിച്ചു. സംഭവത്തിൽ ചെർപ്പുളശ്ശേരി പൊലീസിനും ചൈൽഡ് ലൈനിലും പരാതി നൽകി. അധ്യാപകനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നു രക്ഷിതാക്കൾ പറഞ്ഞു. ചളവറ പഞ്ചായത്തംഗം കൂടിയാണ് അധ്യാപകൻ.








