ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ കൂട്ടക്കുരുതി. മുത്തച്ഛനെയും മുത്തശ്ശിയെയും വെടിവെച്ച് കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥി 3 വിദ്യാര്‍ഥികളെയും 3 അധ്യാപകരെയും കൊലപ്പെടുത്തി. മറ്റു 15 പേരെ വെടിവച്ച ശേഷം വെടിവെച്ച് സ്വയം ജീവനൊടുക്കി. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ വടക്കുപടിഞ്ഞാറന്‍ ബാങ്കോക്കിലുള്ള നോന്തബുരി പ്രവിശ്യയിലെ ഡെബ്‌സിറിന്‍ നോന്തബുരി സ്‌കൂളിലാണ് വെടിവെപ്പ് ഉണ്ടായത്. ഏകദേശം 3100 വിദ്യാര്‍ത്ഥികളും 147 അധ്യാപകരുമുള്ള വിദ്യാലയത്തിലാണ് സംഭവം. പ്രകോപന കാരണം വ്യക്തമല്ല. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുത്തച്ഛന്റെ തോക്ക് കൈക്കലാക്കിയാണ് കൂട്ടക്കുരുതി നടത്തിയതെന്നാണ് വിവരം. അക്രമം കാണിച്ച 14 കാരനെ പൊലീസ് കൊലപ്പെടുത്തിയതായും മറ്റൊരു വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. പലരുടെയും നെഞ്ചിനും പിന്‍ഭാഗത്തും കൈകളിലും വെടിയേറ്റതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. വെടിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറിയിലെ ഡെസ്‌കിനടിയില്‍ ഓടിയൊളിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.
വെടിവെപ്പ് ആരംഭിച്ചപ്പോള്‍ പടക്കം പൊട്ടുന്നതാണോ അതോ ആരോ എന്തിലെങ്കിലും അടിക്കുന്നതാണോ എന്നാണ് താന്‍ കരുതിയതെന്ന് 18 വയസുള്ള ഒരു വിദ്യാര്‍ത്ഥി റോയിട്ടേഴ്‌സിനോട് പറഞ്ഞു.
തോക്കുധാരി 26 റൗണ്ട് വെടിയുതിര്‍ത്തുവെന്നും 34 റൗണ്ട് വെടിയുണ്ടകള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ തായ്ലന്‍ഡ് പ്രധാനമന്ത്രി അനുദിന്‍ ചര്‍ണ്‍വിരാകുല്‍ അനുശോചിച്ചു. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികില്‍സ നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായി അദ്ദേഹം പറഞ്ഞു.








