കാസര്‍കോട്: മഴ കനത്തതോടെ നഗരത്തിലേയും പരിസരങ്ങളിലേയും റോഡുകള്‍ തകര്‍ന്നു. പലേടത്തും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ യാത്രാ ദുരിതം ഇരട്ടിയായി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മെക്കാഡം ചെയ്ത ബീച്ച് റോഡിലെ പല ഭാഗങ്ങളിലും ഗര്‍ത്തം രൂപപ്പെട്ടു. ചിലയിടങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍ക്കായി വെട്ടി പൊളിച്ച ഭാഗങ്ങള്‍ ശരിയായ രീതിയില്‍ നന്നാക്കാത്തതും യാത്രാ ദുരിതത്തിന് കാരണമായി. റോഡിലെ കുഴികള്‍ കാരണം ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമായി. നെല്ലിക്കുന്ന് ഹാര്‍ബര്‍ പ്രവൃത്തി പുരോഗമിക്കുന്നുണ്ടെങ്കിലും റോഡിലെ കുഴിയും റോഡിലെ വീതി കുറവും നിത്യേനയുള്ള ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ദിവസം നൂറുക്കണക്കിന് ചെറുതും വലുതും വാഹനങ്ങള്‍ സഞ്ചരിക്കുന്ന കെ എസ് ടി പി റോഡിലെ ചന്ദ്രഗിരി പാലം വരെയുള്ള റോഡും തകര്‍ന്നിട്ടുണ്ട്. മഴയ്ക്ക്മുമ്പ് തകര്‍ന്ന ഭാഗം അധികൃതര്‍ ഇന്റര്‍ലോക്ക് പാകി നന്നാക്കിയിരുന്നെങ്കിലും അതെല്ലാം താഴുകയും ചില ഭാഗങ്ങള്‍ പൊട്ടിപൊളിയുകയും ചെയ്തിട്ടുണ്ട്. പാലത്തില്‍ ചെറിയ കുഴികളും രൂപപ്പെട്ടു. നഗരത്തിലെ എം ജി റോഡിലും വലിയ കുഴികള്‍ രൂപപ്പെട്ടു. വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ കുഴിയിലുളള മഴവെള്ളം കാല്‍നട യാത്രക്കാരുടെ ദേഹത്തും വ്യാപാര സ്ഥാപനങ്ങളിലേക്കും തെറിക്കുന്നു. മഴവെള്ളം നിറഞ്ഞത് കാരണം കുഴികള്‍ കാണാനാവാതെ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നു. രാത്രികാലത്താണ് ഏറെ അപകടം നടക്കുന്നത്. വരും ദിവസങ്ങളില്‍ മഴ ശക്തമാകുന്നതോടെ ഇനിയും റോഡതകര്‍ച്ചയും ഗര്‍ത്തങ്ങളും ഉണ്ടാവാന്‍ സാധ്യതയേറേയാണ്. മഴ കാരണം റോഡുകളിലെ കുണ്ടും കുഴിയും നികത്താനോ പ്രവൃത്തി നടത്താനോ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.







