സംസ്ഥാനത്തെങ്ങും പെരുമഴ; 12 ജില്ലകളിൽ ഇന്നും ഓറഞ്ച് അലർട്ട്, മുഖ്യമന്ത്രി പത്തനംതിട്ടയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ചൊവ്വാഴ്ച പന്ത്രണ്ട് ജില്ലകളില്‍ തീവ്ര മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. 2 ജില്ലകളിൽ നിയന്ത്രിത അവധിയും പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ദുരന്തമേഖലകൾ സന്ദർശിക്കും. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളാണ് മുഖ്യമന്ത്രി പ്രധാനമായും സന്ദർശിക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ആറന്മുളയിലെത്തുന്ന സതീശൻ, തുടർന്ന് റാന്നി ഉൾപ്പെടെയുള്ള മേഖലകളിലെത്തി ദുരിതബാധിതരുമായി നേരിട്ട് സംസാരിക്കും. എം ജി സർവ്വകലാശാല ഓഗസ്റ്റ് 04, 05, 06, 07 തീയതികളിൽ നടത്താനിരുന്ന എല്ലാ തിയറി, പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page