ആലപ്പുഴ: വീട് വാടകയ്ക്ക് എടുക്കാൻ എന്ന വ്യാജേന എത്തിയ കാസർകോട് സ്വദേശി വീട്ടുടമയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞു. അത് കണ്ട് ഒച്ചവച്ച് ഓടിയെത്തിയ വീട്ടുടമയുടെ ഭാര്യയുടെ വായിൽ തുണി തിരുകിവച്ച ശേഷം വീട്ടിൽ നിന്ന് 15 പവൻ സ്വർണം കൊള്ളയടിച്ച് ഞാെടിയിടയിൽ സ്ഥലംവിട്ടു. ആലപ്പുഴ സൗത്ത് പോലീസ് നടത്തിയ അതിസമർത്ഥമായ അന്വേഷണത്തിൽ കൊള്ളക്കാരനായ രാജ് മോഹനനെ കസ്റ്റഡിയിലെടുത്തു. കാസർകോട് സ്വദേശിയാണ് ഇയാളെന്ന് പറയുന്നു. ആലപ്പുഴ കൈതവന കണിയാംകുളം സ്വദേശി സുദർശന്റെ വീട്ടിലാണ് തിങ്കളാഴ്ച നട്ടുച്ചയ്ക്ക് വീടിന്റെ മുകളിലത്തെ നില വാടകയ്ക്ക് എടുക്കാൻ രാജ് മോഹൻ എത്തിയത്. ഇത് സംബന്ധിച്ച് സുദർശനൻ നൽകിയ പത്രപരസ്യം കണ്ടാണ് രാജ് മോഹൻ എത്തിയതെന്നു പറയുന്നു. വാടകക്കാര്യം സംസാരിച്ചു നിൽക്കുന്നതിനിടയിൽ രാജ് മോഹൻ സുദർശന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു. ഇത് കണ്ട് വീട്ടിനുള്ളിൽ നിന്ന് ഓടി എത്തിയ സുദർശന്റെ ഭാര്യയുടെ വായിൽ രാജ് മോഹൻ തുണി തിരുകി വച്ചു. തുടർന്ന് ഞൊടിയിടയിൽ 15 പവൻ സ്വർണ്ണാഭരണം കൊള്ളയടിച്ച് സ്ഥലംവിട്ടു. വിവരമറിഞ്ഞ് എത്തിയ പോലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്നു മണിക്കൂറിനുള്ളിൽ കൊള്ളക്കാരനെ തൂക്കിയെടുത്തു. ഇത്തരം നിരവധി കേസുകളിൽ രാജ് മോഹൻ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.








