തളിപ്പറമ്പ്: നടന്നുപോവുന്നതിനിടെ കാറിടിച്ച് ചെമ്പേരിയിലെ വ്യാപാരി മരിച്ചു. മുംബൈ സ്വദേശിയും ചെമ്പേരി പള്ളിക്ക് സമീപം താമസക്കാരനുമായ കല്ലൂര്‍കണ്ടം ചെറിയാന്‍ ജോസഫ് (68) ആണ് മരിച്ചത്. ചെമ്പേരിയിലെ ലില്ലിപ്പുട്ട് ടെക്സ്റ്റയില്‍സ് ഉടമയാണ്. ഇന്നലെ (തിങ്കൾ ) രാത്രി എട്ട് മണിയോടെയാണ് അപകടം. കട അടച്ച് വീട്ടിലേക്ക് നടന്നുപോവുന്നതിനിടെ കാറിടിച്ച് തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കാറോടിച്ചിരുന്ന ചെമ്പേരി സ്വദേശിയാണ് അപകട വിവരം മറ്റുള്ളവരെ അറിയിച്ചത്. വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രദേശത്ത് ജല്‍ജീവന്‍മിഷന്റെ പൈപ്പ് ലൈന്‍ വലിക്കുന്നതിനായി റോഡിന്റെ വശങ്ങള്‍ കുഴിച്ചിരുന്നു. ഇതിനാല്‍ കാല്‍നടയാത്രക്കാര്‍ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. നാട്ടുകാര്‍ നേരത്തെ ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. റോഡില്‍ വെള്ളം കെട്ടിനിന്നതും വെളിച്ചക്കുറവുമാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്.








