തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് ഉച്ചയ്ക്ക്‌ശേഷം 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ പ്രളയസമാനമായ സാഹചര്യം നിലനില്‍ക്കുകയാണ്. പത്തനംതിട്ടയിലെ പമ്പയിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. മേഖലയില്‍ മഹാപ്രളയ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് കൊല്ലത്തുനിന്ന് 10 വള്ളങ്ങളിലായി 40 മല്‍സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടു.
വെള്ളം കയറിയതിനെ തുടര്‍ന്ന് വീട് വിട്ടുപോരാന്‍ ചിലര്‍ കാണിക്കുന്ന വിമുഖത രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ചെങ്ങന്നൂരില്‍ ഇതിനകംതന്നെ പത്തിലധികം ക്യാമ്പുകള്‍ ആരംഭിച്ചു. മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഇടിമിന്നല്‍ സമയത്ത് സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.








