മദ്യപിച്ച് പൂസായി രാത്രി നഗരത്തിലെത്തി, വീട്ടില്‍പോകാന്‍ ബസില്ല; സര്‍ക്കാര്‍ ബസ് തട്ടികൊണ്ടുപോയ യുവാവ് പിടിയില്‍

അമരാവതി: വീട്ടില്‍ പോകാന്‍ മദ്യലഹരിയില്‍ ആന്ധ്ര ആര്‍ടിസി ബസ് മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ ആളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ആന്ധ്രപ്രദേശ് ശ്രീ സത്യസായി ജില്ലയിലെ കദിരിയില്‍ ആണ് സംഭവം. സംഭവത്തില്‍ അനന്തപൂര്‍ സ്വദേശി ശിവപ്രസാദ് (45) പിടിയിലായി. കദിരിയില്‍ നിന്ന് അന്നമയ്യ ജില്ലയിലെ മദനപ്പള്ളി വരെ 80 കിലോമീറ്ററോളമാണ് ഇയാള്‍ ബസ് ഓടിച്ചുപോയത്. ശനിയാഴ്ചയായിരുന്നു സംഭവം. മദനപ്പള്ളിയിലേക്ക് യാത്ര ചെയ്യാനായി വെള്ളിയാഴ്ച രാത്രി വൈകിയാണ് കദിരി ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ശിവപ്രസാദ് എത്തിയത്. അര്‍ദ്ധരാത്രിയില്‍ ബസുകള്‍ ലഭ്യമല്ലാതിരുന്നതിനെ തുടര്‍ന്ന്, ബസ് സ്റ്റാന്‍ഡിന് എതിരെയുള്ള ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിന് സമീപം ഡ്രൈവറില്ലാതെ പാര്‍ക്ക് ചെയ്തിരുന്ന എ.പി.എസ്.ആര്‍.ടി.സി. ബസ് ഇയാള്‍ കണ്ടെത്തുകയായിരുന്നു. ബസില്‍ താക്കോലും ുണ്ടായിരുന്നു. തുടര്‍ന്ന് ബസില്‍ കയറിയ ഇയാള്‍ വാഹനം ഓടിച്ച് പോവുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെ ബസ് മദനപ്പള്ളി ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ എത്തി. വിവരമറിഞ്ഞ് പൊലീസും ബസിനെ പിന്തുടരുന്നുണ്ടായിരുന്നു. ബസില്‍ നിന്ന് ഇറങ്ങിപ്പോകാനൊരുങ്ങവെ പൊലീസ് പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലില്‍, അനുമതിയില്ലാതെയാണ് കദിരിയില്‍ നിന്ന് ബസ് ഓടിച്ചുകൊണ്ടുപോയതെന്ന് ശിവപ്രസാദ് സമ്മതിച്ചു.
മദനപ്പള്ളി പൊലീസ് ഉടന്‍ തന്നെ കദിരി ആര്‍.ടി.സി. ഡിപ്പോ അധികൃതരെ വിവരം അറിയിക്കുകയും, ഞായറാഴ്ചയോടെ ബസ് അവര്‍ക്ക് കൈമാറുകയും ചെയ്തു. പ്രതിക്കെതിരെ പൊലീസ് മോഷണത്തിന് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page