സ്‌കൂളില്‍ പോകാന്‍ ഓട്ടോയില്‍ കയറിയപ്പോള്‍ കണ്ടത് ഒന്നേകാല്‍ പവന്‍ കൈചെയിന്‍; ഉടമയായ അധ്യാപികയ്ക്ക് തിരികെ നല്‍കി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി

കാസര്‍കോട്: സ്‌കൂളിലേക്ക് പോകാന്‍ ഓട്ടോയില്‍ കയറിയപ്പോള്‍ കളഞ്ഞുകിട്ടിയ സ്വര്‍ണ കൈചെയിന്‍ ഉടമയ്ക്ക് തിരികെ നല്‍കി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും കോളിയടുക്കം വയലാംകുഴിയിലെ നാരായണന്റെ മകനുമായ നിയോഗ് നാരായണനാണ് നാട്ടുകാരുടെയും സ്‌കൂള്‍ അധികൃതരുടെയും പ്രശംസ പിടിച്ചുപറ്റിയത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകാനായി ഓട്ടോയില്‍ കയറിയിരുന്നു. ഏറെ നേരം മുന്നോട്ട് പോയപ്പോഴാണ് ഒന്നേകാല്‍പ്പവന്‍ തൂക്കമുള്ള സ്വര്‍ണ കൈചെയിന്‍ ഓട്ടോയില്‍ കിടക്കുന്നത് കണ്ടത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. സുഹൃത്തിനെയും കൂട്ടി ഉടന്‍ തന്നെ മേല്‍പറമ്പ് പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഉദ്യോഗസ്ഥരോട് വിവരം ധരിപ്പിച്ചു. ആഭരണം പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ അധ്യാപിക എരമം സ്വദേശിനി അശ്വതി തന്റെ ആഭരണം നഷ്ടപെട്ടെന്ന പരാതിയുമായി വൈകീട്ട് സ്റ്റേഷനില്‍ എത്തിയിരുന്നു. സ്റ്റേഷനില്‍ വിദ്യാര്‍ഥി ഏല്‍പ്പിച്ച ആഭരണം തന്റെതാണെന്ന് അധ്യാപിക സ്ഥിരീകരിച്ചു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ നിയോഗിനെയും അധ്യാപികയെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. നിയോഗിനെ കൊണ്ടുതന്നെ ആഭരണം ഉടമയെ ഏല്‍പിക്കുകയായിരുന്നു. നഷ്ടപ്പെട്ടെന്നു കരുതിയ സ്വര്‍ണാഭരണം തിരികെ ലഭിച്ചതിന്റെ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവുമായാണ് അധ്യാപിക സ്റ്റേഷനില്‍ നിന്ന് മടങ്ങിയത്. എസ്.ഐ ടി അഖില്‍, റൈറ്റര്‍ രാജേന്ദ്രന്‍, മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്വര്‍ണാഭരണം കൈമാറിയത്. ആറുമാസം മുമ്പും നിയോഗിന് ഒന്നരപ്പവന്‍ ആഭരണം കളഞ്ഞ് കിട്ടിയിരുന്നു. അതും ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page