കാസര്‍കോട്: മത്സര വേദികള്‍ക്ക് കേരളത്തിന്റെ നെല്ലച്ഛന്‍ ചെറുവയല്‍രാമനോടുള്ള ആദരമായി നാടന്‍ നെല്ലിനങ്ങളുടെ പേരു നല്‍കി വൈവിധ്യം സൃഷ്ടിച്ച ബേക്കല്‍ സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മറ്റൊരു പ്രത്യേകത കൂടി, മത്സരത്തിന് പേര് രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും കലോത്സവ ലോഗോ ആലേഖനം ചെയ്ത പേനയും നാലിനം പച്ചക്കറി വിത്തുകള്‍ അടങ്ങിയ കിറ്റുകളും സമ്മാനമായി നല്‍കും. ട്രോഫി കമ്മറ്റിയാണ് ഇവ ഏര്‍പ്പെടുത്തിയത്. രജിസ്‌ട്രേഷന്‍ ചെയ്യുന്ന 3700 മത്സരാര്‍ത്ഥികള്‍ക്കും കിറ്റുകളും പേനകളും വിതരണം ചെയ്യുമെന്ന് ട്രോഫി കമ്മറ്റി ഭാരവാഹികളായ മഹേഷ് കുമാര്‍, കണ്‍വീനര്‍ ഇര്‍ഷാദ് എന്നിവര്‍ അറിയിച്ചു. ഓവറോള്‍ റോളിങ്ങ് ട്രോഫിക്ക് പുറമെ വിജയികളായ സ്‌കൂളുകള്‍ക്കു സ്ഥിരം ട്രോഫിയും വിതരണം ചെയ്യുമെന്ന് കൂട്ടിച്ചേര്‍ത്തു. ട്രോഫി പവലിയന്‍ ജില്ലാ പൊലീസ് മേധാവി പി.നിധിന്‍രാജ് ഉദ്ഘാടനം ചെയ്യും. നവംബര്‍ 3, 4,5,6 തീയ്യതികളിലായി തച്ചങ്ങാട് ഗവ.ഹൈസ്‌ക്കൂളിലാണ് ബേക്കല്‍ സബ് ജില്ലാ കലോത്സവം നടക്കുന്നത്.







