കാസർകോട്: പ്രമാദമായ മംഗ്ളൂരു ഹൈവേ കൊള്ളക്കേസില്‍ കണ്ണൂർ,മാട്ടൂല്‍ സ്വദേശിയായ യുവാവ് കർണാടക പണമ്പൂര്‍ പൊലീസിന്റെ പിടിയിൽ. ഇന്ന് (ശനി) പുലര്‍ച്ചെ തളിപ്പറമ്പില്‍ നിന്ന് പിടികൂടിയ ഇയാളെ മംഗ്ളൂരുവിലേയ്ക്ക് കൊണ്ടുപോയി.
കഴിഞ്ഞ ജൂണ്‍ 29ന് പുലര്‍ച്ചെയാണ് പയ്യന്നൂരില്‍ സ്വര്‍ണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ വികാസ് സുബ്ബറാവു ധനവാഡെയും കുടുംബവും സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന് അതിലുണ്ടായിരുന്നവരെ അക്രമിച്ച് 180 ഗ്രാം സ്വര്‍ണാഭരണങ്ങളും കാറും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്നാണ് കേസ്. രണ്ട് ഇന്നോവ കാറുകളിലും ഒരു സ്വിഫ്റ്റ് കാറിലുമായെത്തിയ സംഘം വ്യാപാരിയെ വഴിയില്‍ തള്ളിയ ശേഷം ഭാര്യയെയും മകനെയും കാറിലിരുത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഇവരെ കുളൂരില്‍ ഇറക്കിവിട്ട ശേഷം കാറുമായി സംഘം രക്ഷപ്പെട്ടു.
കേസില്‍ ആകെ 16 പ്രതികളാണുള്ളത്. കണ്ണൂര്‍ പള്ളൂരിലെ ഷിജിന്‍ ഗംഗാധരന്‍ ആണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ഇയാള്‍ ഒളിവിലാണ്. കണ്ണൂര്‍ ജില്ലയിലെയും കുടകിലെയും ക്വട്ടേഷന്‍ സംഘമായിരുന്നു സംഭവത്തിന് പിറകില്‍. അഞ്ചരക്കണ്ടിയിലെ മിഥുന്‍ലാല്‍, പാതിരിയാടെ ആര്‍.കെ.നിമില്‍, ചെറുകുന്ന് താവത്തെ ശ്രീരാഗ്, കുടക് സ്വദേശികളായ ഇര്‍ഷാദ്, മുസ്തഫ, ഉബൈദ്, സിയാദ് തുടങ്ങിയവര്‍ നേരത്തെ പിടിയിലായിരുന്നു.







