മംഗ്‌ളൂരു: നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ച സ്ത്രീയുടെ കഴുത്തില്‍ ഉണ്ടായിരുന്ന 32 ഗ്രാം തൂക്കമുള്ള കരിമണിമാല കാണാതായതായി പരാതി. മംഗ്‌ളൂരു, ശക്തിനഗറില്‍ താമസിക്കുന്ന സുന്ദര പൂജാരിയുടെ ഭാര്യ ജാനകി (53)യുടെ മാലയാണ് കാണാതായത്. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പാണ്ഡേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കടുത്ത നെഞ്ചുവേദനയെ തുടര്‍ന്നാണ് ജാനകിയെ ഓട്ടോ റിക്ഷയില്‍ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പ്രസ്തുത ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റ് ഇല്ലാത്തതിനാല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി വെന്‍ലോക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. അത്യാഹിത വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ ജാനകി മരിച്ചതായി സ്ഥിരീകരിച്ചു. പിന്നീട് മൃതദേഹം പരിശോധിച്ചപ്പോഴാണ് കരിമണിമാല കാണുന്നില്ലെന്ന കാര്യം അറിഞ്ഞതെന്നു ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.








