കൊടക്കാട് നാരായണൻ
കരിവെള്ളൂർ: കൊടക്കാട് , കരിവെള്ളൂർ ഗ്രാമങ്ങളുടെ യശസ്സുയർത്തി ദ്രോണാചാര്യ അവാർഡ് ജേതാവ് ഇടച്ചേരി ഭാസ്കരൻ. ബിഹാറിലെ പട്നയിൽ നടക്കുന്ന ജൂനിയർ നാഷണൽ കബഡി ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ ചീഫ് സെലക്ടറായി ഇ .ഭാസ്കരനെ നിയമിച്ചതിലൂടെ ജന്മനാട് വീണ്ടും ദേശീയ ശ്രദ്ധയിലേ ക്കുയർന്നു. കബഡിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച കായിക താരത്തിൻ്റെ പ്രശസ്തി നാൾക്കു നാൾ വർധിക്കുന്നതിൽ കുടുംബാംഗങ്ങളോടൊപ്പം കൊടക്കാട് ഗ്രാമം അഭിമാനിക്കുകയാണ് .
2023ൽ ആണ് ഭാസ്ക്കരനു ദ്രോണാചാര്യ പുരസ്കാരം നൽകി രാഷ്ട്രം ആദരിച്ചത്.
21 വർഷത്തിനു ശേഷം തെക്കേ ഇന്ത്യയിലേക്ക് കബഡിക്ക് ദ്രോണാചാര്യ അവാര്‍ഡ് എത്തിയപ്പോൾ നാടാകെ ആഹ്ലാദ തിമിർപ്പിലായിരുന്നു. കേരളത്തില്‍ ആദ്യമായി ദ്രോണാചാര്യ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തില്‍ കരിവെള്ളൂരും കൊടക്കാടും സമീപ ഗ്രാമങ്ങളിലും സ്വീകരണമൊരുക്കാൻ മത്സരിച്ചു.
കാസര്‍കോട് ജില്ലയിലെ കൊടക്കാട് പടിഞ്ഞാറേക്കര സ്വദേശിയായ ഭാസ്‌കരന്‍ ഇപ്പോള്‍ കരിവെള്ളൂര്‍ നിടുവപ്പുറം ശ്രീ നാരായണപുരം ക്ഷേത്രത്തിനടുത്താണ് താമസം. ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. 2009-ല്‍ ഇന്ത്യന്‍ കബഡി ടീമിന്റെ പരിശീലകനായ ഭാസ്‌കരന്‍ ആ വര്‍ഷം വിയറ്റ്നാമില്‍ നടന്ന ഇന്‍ഡോര്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷടീമിനെ ചാമ്പ്യന്‍മാരാക്കിയാണ് ഈ മേഖലയിലെ ജൈത്രയാത്ര തുടങ്ങിയത്. 2010 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണനേട്ടം ആവര്‍ത്തിച്ചു.
നാലുവര്‍ഷത്തിനുശേഷം മറ്റൊരു സ്വര്‍ണം നേടുമ്പോള്‍ വനിതാ ടീം പരിശീലകനായിരുന്നു. 2022 ജൂണില്‍ ബുസാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ടീമിനെ സ്വര്‍ണമണിയിച്ചു.
2014 മുതല്‍ തുടര്‍ച്ചയായി പ്രൊ കബഡിയില്‍ അഞ്ചു സീസണില്‍ ‘യു മുംബൈ’ ടീമിനെ പരിശീലിപ്പിച്ചു. ഒരു തവണ ചാമ്പ്യന്‍മാരും രണ്ടുതവണ രണ്ടാം സ്ഥാനക്കാരുമാക്കി. 2016 മുതല്‍ 2018 വരെ ‘തമിഴ് തലൈവാസ്’ ടീം പരിശീലകനായി. ഇന്ത്യന്‍ ആര്‍മിയുടെയും സര്‍വീസസിന്റെയും മുഖ്യ പരിശീലകനായിരുന്നു. മുന്‍ ദേശീയ താരം കൂടിയായ ഭാസ്‌കരന്‍ ഇന്ത്യന്‍ ആര്‍മിയില്‍നിന്ന് സുബേദാര്‍ മേജര്‍ ഓണററി ക്യാപ്റ്റനായാണ് വിരമിച്ചത്. നിലവില്‍ സായ് ബെംഗളൂരുവില്‍ ഹൈ പെര്‍ഫോമന്‍സ് കോച്ചും കബഡി വിഭാഗം മേധാവിയുമാണ്.

2009ൽ ആണ് ഭാസ്കരൻ ആദ്യമായി ഇന്ത്യൻ പരിശീലകനാകുന്നത്. വിയറ്റ്നാം ഇൻഡോർ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീമിനെ ചാമ്പ്യന്മാരാക്കി. 2023 ൽ ബുസാനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പുരുഷ ടീമിനെ സ്വർണമണിയിച്ചു. 2014 മുതൽ തുടർച്ചയായി 5 സീസണിൽ യു മുംബൈ ടീമിന്റെ കോച്ചായിരുന്നു. ഇന്ത്യൻ ആർമിയുടെയും സർവീസസിന്റെയും മുഖ്യ
പരിശീലകനായിരുന്നു.
പ്രൈമറി ക്ലാസ്സിൽ ചേർന്നതു മുതൽ തുടങ്ങിയതാണ് കബഡിയുമായുള്ള കൂട്ട് കെട്ട് . അത് ഇപ്പോഴും തുടരുന്നു. പരിശീലനരംഗത്തു മാത്രം 35 വർഷം .
കാസര്‍കോട് ജില്ലയിലെ കൊടക്കാട് പടിഞ്ഞാറേക്കര എന്ന ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ കർഷകനായ കുണ്ടാ കുടിയൻ കണ്ണൻ്റെയും എടച്ചേരി കല്യാണിയുടെയും മകനായി ജനിച്ച ഭാസ്‌കരന് നാട്ടിലെ ക്ലബ്ബും കൂട്ടുകാരുമൊക്കെയായിരുന്നു കുട്ടിക്കാലത്തെ ലോകം. സ്‌കൂള്‍ കഴിഞ്ഞു വന്ന വൈകുന്നേരങ്ങളില്‍ ക്ലബ്ബിനടുത്തുള്ള പറമ്പില്‍ കുമ്മായ വരയിട്ട കളത്തില്‍ കൂട്ടുകാരോടൊപ്പം കബഡി കളിച്ചുനടന്ന കാലം ഇന്നലെയെന്നപോലെ ഇന്നും അദ്ദേഹത്തിന്റെ ഓര്‍മകളിലുണ്ട്. ഓലാട്ട് എ.യു. പി സ്‌കൂളിൽ പഠിക്കുന്ന കാലത്തു തന്നെ നാട്ടിലെ ക്ലബ്ബിലെ കൂട്ടുകാരോടൊപ്പം കബഡി കളിച്ചു തുടങ്ങി. പിന്നീട് ഹൈസ്‌കൂള്‍ പഠനത്തിനായി കൊടക്കാട് വേങ്ങാപ്പാറ കേളപ്പജി സ്‌കൂളിലെത്തിയതോടെ സ്‌കൂള്‍ ടീമില്‍ കളിച്ചുതുടങ്ങി. ‘റെഡ്സ്റ്റാര്‍ വെള്ളച്ചാല്‍’ എന്ന ക്ലബ്ബിനൊപ്പം ചേര്‍ന്നപ്പോഴാണ് പ്രൊഫഷണല്‍ രീതിയില്‍ കളിയെ സമീപിച്ചത്. അന്ന് നാട്ടില്‍ ഒരുപാട് ക്ലബ്ബുകളും ടൂര്‍ണമെന്റുകളുമുണ്ട്. അതിനാല്‍ നിരവധി അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍, നാട്ടില്‍ അന്നൊന്നും കബഡിയെ കരിയറായി ആരും തിരഞ്ഞെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ പഠിക്കേണ്ട സമയത്ത് കളിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് വീട്ടുകാര്‍ക്ക് ഇഷ്ടമല്ലായിരുന്നു. പലപ്പോഴും ഒഴിവുദിനങ്ങളില്‍ സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് കബഡി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ പോയത്.” ഭാസ്ക്കരൻ അനുസ്മരിച്ചു.
പ്രീഡിഗ്രിക്ക് പയ്യന്നൂര്‍ കോളേജില്‍ ചേര്‍ന്ന ഭാസ്‌കരന്‍ കബഡിക്കളത്തില്‍ സക്രിയമായി. ആദ്യം കോളേജ് ടീമിലേക്കും പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഓള്‍ ഇന്ത്യ ടൂര്‍ണമെന്റുകളില്‍ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. അതിനിടെയാണ് ആര്‍മി റിക്രൂട്ട്മെന്റ് റാലിയുടെ വാര്‍ത്ത തേടിയെത്തിയത്. ജീവിതത്തിൻ്റെ കോർട്ടിൽ വിജയിക്കണമെങ്കിൽ ജോലി അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ ഭാസ്ക്കരൻ റിക്രൂട്ട്മെന്റ് റാലിയിലേക്കും അതുവഴി ഇന്ത്യന്‍ ആര്‍മിയിലേക്കും ചുവടുവെച്ചു.
1983- ൽ ഇന്ത്യന്‍ ആര്‍മിയിൽ സെലക്ഷന്‍ ലഭിച്ചു. സര്‍ട്ടിഫിക്കറ്റുകളെല്ലാം പരിശോധിച്ച ഉദ്യോഗസ്ഥര്‍, കബഡിയില്‍ താത്പര്യമുള്ളയാളാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ കബഡിക്ക് അനുകൂല സാഹചര്യമുള്ള ഇ.എം.ഇ. ഭോപാല്‍ ആര്‍മി ക്യാമ്പിലേക്ക് അയച്ചു. ഭാസ്ക്കരൻ്റെ ഭാഗ്യ നക്ഷത്രം പ്രകാശിക്കുന്നത് അന്ന് മുതലാണ്.
1992 വരെ ആര്‍മി കബഡി ടീമില്‍ സ്ഥിരാംഗമായിരുന്നു. ഇനി അധികം നേട്ടങ്ങള്‍ സ്വന്തമാക്കാനാകില്ലെന്ന് സ്വയം തിരിച്ചറിഞ്ഞു. തന്നെക്കാള്‍ ശാരീരികക്ഷമതയുള്ള മികച്ച ഉത്തരേന്ത്യന്‍ കളിക്കാര്‍ അന്ന് ആര്‍മിയിലുണ്ട്. അവരെ മറികടന്ന് കളിയില്‍ മുന്നോട്ട് പോകുക അസാധ്യമായിരുന്നു.
ആ സമയത്തുതന്നെ പലരും കോച്ചിങ്ങിലേക്ക് മാറാന്‍ ഉപദേശിച്ചു. അങ്ങനെയാണ് ഗുജറാത്തില്‍ സായ്യുടെ കീഴില്‍ കബഡി കോച്ചിങ് കോഴ്സ് പൂര്‍ത്തിയാക്കുന്നത്. തിരിച്ചുവന്ന് ആര്‍മി ടീമിന്റെ കോച്ചായി. ഭാസ്ക്കരൻ വാര്‍ത്തെടുത്ത ടീമാണ് ഇ.എം.ഇ. ഭോപാല്‍. “ദേശീയതലത്തിലുള്ള ക്ലബ്ബ് ടൂര്‍ണമെന്റുകളില്‍ ഏഴുവര്‍ഷം തുടര്‍ച്ചയായി ഇ.എം.ഇ. ഭോപാൽ സ്വര്‍ണമെഡല്‍ നേടി. പരിശീലകനെന്ന നിലയില്‍ ആ നേട്ടം ദേശീയ ശ്രദ്ധ നേടി കൊടുത്തു. ആ ടീമില്‍നിന്ന് നിരവധി പേര്‍ ദേശീയടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ സമയത്തുതന്നെ സര്‍വീസസ് ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിക്കാനായി. 1996-ല്‍ സീനിയര്‍ നാഷണല്‍ ഗെയിംസില്‍ താന്‍ പരിശീലിപ്പിച്ച ടീം വെള്ളിമെഡല്‍ നേടി. പരിശീലകനെന്ന നിലയില്‍ ആദ്യത്തെ മികച്ച വിജയം അതായിരുന്നു. കോച്ചിങ്ങാണ് തന്റെ കരിയര്‍ എന്ന് ആ വിജയത്തോടെ ഭാസ്ക്കരൻ ഉറപ്പിച്ചു.
2010, 2014, 2023 വര്‍ഷങ്ങളില്‍ ദേശീയ കബഡി ടീമിന്റെ പരിശീലകനായി. മൂന്ന് ഏഷ്യന്‍ ഗെയിംസുകളിലും സ്വര്‍ണപ്പതക്കം കൊണ്ടാണ് ഭാസ്‌കരന്‍ രാജ്യത്തിന് അഭിമാനക്കുറി ചാര്‍ത്തിയത്. രാജ്യം തന്നിലര്‍പ്പിച്ച വിശ്വാസം അതേപടി തിരിച്ചുനല്‍കുക എന്നത് മാത്രമായിരുന്നു ആഗ്രഹമെന്ന് ആ വിജയങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നു.
2009- ലാണ് ആദ്യമായി ഇന്ത്യന്‍ പുരുഷ ടീമിന്റെ മുഖ്യപരിശീലകനായി നിയമിക്കുന്നത്. ആ വര്‍ഷം വിയറ്റ്നാമില്‍ നടന്ന ഇന്‍ഡോര്‍ ഏഷ്യന്‍ ഗെയിംസായിരുന്നു ആദ്യ കടമ്പ. സ്വര്‍ണനേട്ടത്തോടെ ആദ്യ പരീക്ഷണം വിജയകരമായി മറികടന്നു. 2010- ല്‍ ചൈനയിലെ ഗ്വാങ്ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ കബഡിയില്‍ സ്വര്‍ണനേട്ടം ആവര്‍ത്തിക്കാനായി. പിന്നീട് 2013 വരെ പുരുഷടീമിന്റെ പരിശീലകനായി തുടര്‍ന്നു. 2014-ല്‍ വനിതാടീമിന്റെ പരിശീലകനായി നിയമിച്ചു. നിലവിലുണ്ടായ വനിതാ ടീമിന്റെ പരിശീലകന്‍ ചില പ്രശ്‌നങ്ങളാല്‍ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഉടനടി ആ ഉത്തരവാദിത്വം ഭാസ്ക്കരനെ ഏല്‍പ്പിച്ചു. ആ വര്‍ഷം ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെംയിസില്‍ വനിതാ കബഡിയില്‍ സ്വര്‍ണം നേടി. അതിനുശേഷമാണ് ഭാസക്കരൻ പ്രൊ കബഡി ലീഗിലേക്ക് പോകുന്നത്.
2018-ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ഗെയിംസില്‍ പതിവുപോലെ ഇന്ത്യയുടെ മെഡല്‍ പട്ടികയിലെ ഉറച്ച സ്വര്‍ണപ്രതീക്ഷയായിരുന്നു കബഡി. അത്തവണ പരിശീലകന്റെ റോളില്‍ ഭാസ്കരനുണ്ടായിരുന്നില്ല. ഏറെ പ്രതീക്ഷയോടെ ജക്കാര്‍ത്തയിലെത്തിയ ടീം ഇരുവിഭാഗത്തിലും അപ്രതീക്ഷിത തോല്‍വി രുചിച്ചു. വനിതാ ടീം ഫൈനലിലും പുരുഷ ടീം സെമി ഫൈനലിലും തോറ്റു. ഏറെ വര്‍ഷമായി തുടരുന്ന കുത്തക തകര്‍ന്നത് രാജ്യത്തെ സംബന്ധിച്ച് അംഗീകരിക്കാന്‍ പറ്റാത്ത ഒന്നായിരുന്നു. അടുത്ത ഗെംയിസ് മുന്നില്‍ കണ്ട് ഭാസ്ക്കരൻ ഉൾപ്പെട്ട സംഘം ഒരുപാട് പരിശീലകരുമായി അഭിമുഖം നടത്തി. ഒടുവില്‍ ഒരിക്കല്‍കൂടി രാജ്യം ആ വലിയ ഉത്തരവാദിത്വം ഭാസ്കരനെ വിശ്വാസപൂര്‍വം ഏല്‍പ്പിച്ചു. പരിശീലകനായി സ്ഥാനമേറ്റയുടന്‍ കഴിഞ്ഞ ഗെയിംസിലെ തോല്‍വിയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയാണ് ചെയ്തത്. കാരണങ്ങള്‍ കണ്ടെത്തി പരിശീലനം ആരംഭിച്ചു. ഒരേസമയം പുരുഷ, വനിതാടീമുകളെ പരിശീലിപ്പിച്ചു. വിചാരിച്ചതു പോലെ കാര്യങ്ങള്‍ നടന്നു. ചൈനയിലെ ഏഷ്യന്‍ ഗെയിംസില്‍ ഇരുവിഭാഗത്തിലും സ്വര്‍ണം തിരിച്ചുപിടിച്ചു. രാജ്യം തന്നിൽ അര്‍പ്പിച്ച വിശ്വാസം തിരിച്ചുനല്‍കിയത് കൊണ്ടാകാം ദ്രോണാചാര്യ പുരസ്‌കാരം നല്‍കി രാഷ്ട്രം ആദരിച്ചത്. നേട്ടത്തിന്റെ നാൾവഴികൾ വിവരിക്കുമ്പോൾ ഭാസ്ക്കരന് ആവേശം.
ഭാര്യ: അജിതാ ഭാസ്‌കരന്‍. മക്കള്‍: അഭിജിത്ത് ഭാസ്‌കര്‍, അഞ്ജു ഭാസ്‌കര്‍. മരുമകള്‍: അക്ഷയ. മൂന്നുപേരും ബെംഗളൂരുവില്‍ ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്നു. മരുമകൻ നവീന്‍ ഇന്ത്യന്‍ ആര്‍മിയിൽ മേജറാണ്.







