കുമ്പള: നടപ്പാതയില്‍ വൈദ്യുതി പോസ്റ്റും ട്രാന്‍സ്‌ഫോര്‍മറുകളും തടസ്സം സൃഷ്ടിക്കുമ്പോള്‍, അതില്‍ തന്നെ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതും കാല്‍നടയാത്രക്കാര്‍ക്കു ദുരിതം ഇരട്ടിപ്പിക്കുന്നു. പൊതുനിരത്തുകളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമാകുമ്പോഴും തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ നടപടി കടലാസിലൊതുങ്ങുകയാണെന്നു ആക്ഷേപമുയരുന്നു.
ഇത്തരം കയേറ്റങ്ങള്‍ക്കെതിരെ കോടതി നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കുലുക്കമില്ല. പൊതുനിരത്തുകളില്‍ ഇപ്പോഴും വ്യാപകമായി കൊടി തോരണങ്ങളും, ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചു കൊണ്ടിരിക്കുന്നു.
നേരത്തെ നാടുനീളെ ലോകകപ്പ് ഫുട്‌ബോള്‍ താരങ്ങളുടെ ഫ്‌ളക്‌സുകളായിരുന്നു പാതയോരങ്ങളില്‍ നിറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ ഉത്സവങ്ങളുടെ ഫ്‌ളക്‌സുകളാണ് പൊതുനിരത്തുകളില്‍ നിറയുന്നത്.
കൊടി തോരണങ്ങള്‍ക്കും ഫ്‌ളക്‌സിനും 5000 രൂപ വീതം പിഴ ഈടാക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
പൊതു സ്ഥലം, പാതയോരം, നടപ്പാത, ട്രാഫിക് ഐലന്‍ഡുകള്‍ എന്നിവിടങ്ങളിലെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടി തോരണങ്ങളും ബാനറുകളും നീക്കാനായിരുന്നു നേരത്തെ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, മതസ്ഥാപനങ്ങള്‍, സ്വകാര്യ ഏജന്‍സികള്‍, സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിര്‍ദ്ദേശം ബാധകമാക്കിയിരുന്നു. ഇനിയും പൊതുജനങ്ങളില്‍ നിന്ന് ഇക്കാര്യത്തില്‍ പരാതി ഉയര്‍ന്നാല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ തന്നെ പിഴ അടയ്‌ക്കേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചിരുന്നു
അതേസമയം പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ് ലഭിച്ചിട്ടും ബോര്‍ഡ് നീക്കം ചെയ്യാത്തവരുടെ പേര് വിവരം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി സ്ഥാപിച്ചവരുടെ പേരില്‍ കേസെടുക്കാനും പൊലീസിനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.







