കാസർകോട്: കഴിഞ്ഞദിവസം വിപണിയിൽ 27 രൂപ ഉണ്ടായിരുന്ന പച്ചരിക്ക് ഇന്നത്തെ വില 32. പഞ്ചസാര വില 47ല്‍ നിന്ന് 52 രൂപയിലേക്ക്.
അവശ്യസാധനങ്ങളുടെ വില ദിനംപ്രതി വാനോളം ഉയരുമ്പോൾ വിപണിയിൽ ഇടപെടാതെ കേന്ദ്ര സം സ്ഥാന സർക്കാറുകൾ. ജനമാകട്ടെ ദുരിതത്തിലും.
അരി വില ഇന്ന് 51 രൂപയാണ്. ബിരിയാണി അരിക്കും വിലവർധനവുണ്ട്. ഏറ്റവും കുറവിൽ 50 രൂപയ്ക്ക് കിട്ടിയിരുന്ന ജീരകസാല അരിക്ക് ഇപ്പോൾ വില 67 രൂപയാണ് 80,100,120 രൂപ വിലയുള്ള ബസ്മതി, കൈമ അരിക്കും വിലവർധനവുണ്ട്.10 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചിട്ടുള്ളത്. അതേസമയം പുഴുക്കലരിക്ക് വിലവർധനവില്ല.ഇതിന് ആവശ്യക്കാരും കുറവാണ്.പരിപ്പ് ഇനങ്ങൾക്കും ഗണ്യമായി വില വർദ്ധിച്ചിട്ടുണ്ട്.മുളക് 500 രൂപയിൽ തന്നെ പിടിച്ചു നിൽക്കുന്നു. അതേസമയം വിപണിയിൽ ആവശ്യസാധനങ്ങൾക്ക് ദൗർബല്യം ഒന്നുമില്ലെന്ന് വ്യാപാരികൾ പറയുന്നു.
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും, ഹോർമുസ് കടലിടുക്ക് പ്രതിസന്ധിയും എണ്ണ വിപണിയെ ബാധിച്ചതാണ് അവശ്യസാധനങ്ങളുടെ വില കയറ്റത്തിന്i കാരണമെന്ന് പറഞ്ഞ് അധികൃതർ കയ്യൊഴിയുകയാണ്.മൊത്ത വിതരണക്കാരുടെ വാദവും ഇതുതന്നെയാണ്.
ഓണം ഉൾപ്പെടെയുള്ള ആഘോഷ സീസണുകൾ വരാനിരിക്കെ ഇപ്പോൾതന്നെ അവശ്യസാധനങ്ങൾക്ക് തീ വിലയായത് വീട്ടമ്മമാരെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.







