പ്രണയവിവാഹിതനായ തൃക്കരിപ്പൂര്‍ സ്വദേശിയെ ആക്രമിച്ച ശേഷം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാവിധി നാളെ

തളിപ്പറമ്പ്: പ്രണയ വിവാഹിതനായ യുവാവിനെ അക്രമിച്ച ശേഷം തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മൂന്നു പ്രതികളെ കോടതി കുറ്റക്കാരാണെന്നു കണ്ടെത്തി. തളിപ്പറമ്പ്, പന്നിയൂര്‍ പള്ളിവയല്‍, ബത്താലി ഹൗസില്‍ ബി .മുബാറക് (37), സഹോദരന്‍ ബി. അബ്ദുള്ള (44), പള്ളിവയലിലെ പി. ഇബ്രാഹിം എന്ന ഉമ്പായി (44) എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെഎന്‍ പ്രശാന്ത് കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ നാളെ വിധിക്കും.
തൃക്കരിപ്പൂര്‍, ഒളവറ, ഉടുമ്പുന്തലയിലെ പുത്തന്‍പുരയില്‍ ഫസല്‍ മുഹമ്മദിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് പ്രതികളെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്.
പന്നിയൂര്‍, പള്ളിവയലിലെ ഷാഹിനയെ ഫസല്‍ മുഹമ്മദ് പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. പ്രതികളായ മുബാറക്കിന്റെയും അബ്ദുള്ളയുടെയും സഹോദരിയാണ് ഷാഹിന. 2019 ജനുവരി 20ന് ആണ് കേസിനാസ്പദമായ സംഭവം. പയ്യാമ്പലം ബീച്ചില്‍ പോയി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഫസൽ മുഹമ്മദും ഭാര്യ ഷാഹിനയും. മടക്കയാത്രയില്‍ ധര്‍മശാലയില്‍ എത്തിയപ്പോള്‍ ആരോ തങ്ങളെ പിന്തുടരുന്നതായി മുഹമ്മദിന് സംശയം തോന്നി. ഇതേ തുടര്‍ന്ന് തൃച്ചംബരത്തു നിന്നു മന്ന വഴി പുഷ്പഗിരിയിലെത്തി ഫസല്‍ മുഹമ്മദ് സ്‌കൂട്ടര്‍ നിര്‍ത്തി ഭാര്യയെ ഒമാന്‍നഗര്‍ പള്ളിയിലെ സ്ത്രീകളുടെ നിസ്‌കാര സ്ഥലത്തേക്ക് നിസ്‌കാരത്തിന് അയച്ചു. തുടര്‍ന്ന് സ്‌കൂട്ടറില്‍ മുന്നോട്ട് പോയ മുഹമ്മദിനെ മുബാറകും അബ്ദുള്ളയും മറ്റു ഏതാനും പേരും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി അക്രമിച്ചു. നിലത്ത് വീണ ഫസല്‍ മുഹമ്മദിന്റെ കൈയിലൂടെ ബൈക്ക് ഓടിച്ചുകയറ്റി. തുടര്‍ന്ന് മുഹമ്മദിനെ മുബാറക് ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുത്തി അതിന് പിറകില്‍ അബ്ദുളളയുംഇരുന്ന് പന്നിയൂര്‍ വില്ലേജ് ഓഫീസിനു സമീപത്തെ റബ്ബര്‍ തോട്ടത്തിലെ മെഷീന്‍പുരയിലെത്തിച്ചു. അവിടെ വച്ച് ഏഴു പേരടങ്ങുന്ന സംഘം ഇരുമ്പ് വടി, മരവടി എന്നിവ ഉപയോഗിച്ച് ക്രൂരമായി അക്രമിച്ചുവെന്നാണ് കേസ്. നിലവിളിച്ചപ്പോള്‍ വായ മൂടിക്കെട്ടുകയും കാല്‍മുട്ടിന്റെ ചിരട്ട അടിച്ചു പൊട്ടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഫസല്‍ മുഹമ്മദിനെ ഓട്ടോയില്‍ എത്തിയ രണ്ട് പേര്‍ ആദ്യം തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ദീര്‍ഘകാലത്തെ ചികിത്സക്ക് ശേഷമാണ് അക്രമത്തിന് ഇരയായ ഫസൽ മുഹമ്മദ് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയത്. ആദ്യം ഏഴു പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. പിന്നീട് നാലുപേരെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കി. വധശ്രമം, തട്ടിക്കൊണ്ട് പോകല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. സദാചാര പൊലീസ് ചമയാന്‍ ആര്‍ക്കും അധികാരം ഇല്ലെന്നും പ്രണയ വിവാഹത്തിനോ ഒരുമിച്ച് താമസിക്കുന്നതിനോ കുടുംബക്കാരുടെ അനുമതി ആവശ്യമില്ലെന്നും കോടതി വിധി പ്രസ്താവനക്കിടയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
40വര്‍ഷത്തിനുശേഷം മക്കള്‍ക്ക് അച്ഛനെ തിരിച്ചുകിട്ടി; ശാസ്താംകോട്ട സ്വദേശി കുടുംബത്തോടൊപ്പം മടങ്ങി; മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം സാക്ഷ്യം വഹിച്ചത് വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക്
Scroll to top

You cannot copy content of this page