കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ വാർഡിൽ കൂട്ടിരിപ്പുകാരിയായി എത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ. വയനാട് മേപ്പാടി സ്വദേശിയും കാസർകോട് താമസക്കാരിയുമായ അശ്വതിയെയാണ് മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.
പാരച്യൂട്ട് വെളിച്ചെണ്ണയുടെ ചെറിയ കുപ്പിയിലാണ് ഇവർ ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവർക്ക് സംശയം തോന്നിയതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
നിലവിൽ ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറാനാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








