തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടുവളപ്പിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിനി അനന്യ (17)യാണ് മരിച്ചത്. ചെറുന്നിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്താണെന്ന് ഉള്‍പ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അനന്യയുടെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സഹപാഠികളെയും അധ്യാപകരെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. അമ്പിളിചന്ത ചരുവിള വീട്ടില്‍ അംബികന്റെയും മഹിജയുടെയും മകളാണ്.








