കൊച്ചി: രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസിനെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ. ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭം ബ്രിട്ടാസ് തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഹൈജാക്ക് ചെയ്തെന്നാണ് വിനായകന്റെ വിമർശനം. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അധിക്ഷേപ പരാമർശം. അങ്ങേയറ്റം അധിക്ഷേപം നിറഞ്ഞ പരാമർശത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ‘‘യുവതീ യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’- വിനായകൻ കുറിച്ചു. അതേസമയം കുറിപ്പിൽ ജോൺ ബ്രിട്ടാസിന്റെ പേര് പരാമർശിക്കുന്നില്ല. പകരം കുറിപ്പിനൊപ്പം എം.പിയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് ഇട്ടതിന് പിന്നാലെ ഇടതുപക്ഷ അനുഭാവികളിൽ നിന്നും കടുത്ത വിമർശനമാണ് വിനായകന് നേരെ ഉയരുന്നത്. ജന്തർ മന്തറിൽ നടന്ന പ്രതിഷേധ സമരത്തിൽ ബ്രിട്ടാസ് അടക്കമുള്ള ഇടത് എംപിമാർ പിന്തുണയുമായെത്തിയിരുന്നു. എസ്.എഫ്.ഐ. നേതാവ് ഐഷെ ഘോഷിനെ ഡൽഹിയിൽ സി.പി.എം. ആസ്ഥാനത്ത് എത്തി പൊലീസ് അറസ്റ്റുചെയ്യാൻ ശ്രമിച്ചിരുന്നു.
ജോൺ ബ്രിട്ടാസടക്കമുള്ളവർ ഇടപെട്ട് ഇറക്കിക്കൊണ്ടുവരുകയും ചെയ്തിരുന്നു. പിന്നാലെയാണ് നടന്റെ പോസ്റ്റ് വന്നത്. വിദ്യാർഥികൾക്കെതിരെ ക്രൂരമായ അക്രമത്തിന് ആഹ്വാനം ചെയ്ത ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെയും വിനായകൻ രംഗത്തുവന്നിരുന്നു. കടുത്ത ഭാഷയിലായിരുന്നു നടൻ മോഹൻദാസിനെ വിമർശിച്ചത്. നേരത്തെ, ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ വിനായകൻ അധിക്ഷേപിച്ചിരുന്നു. പരാമർശങ്ങളുടെ പേരിൽ താരം നിയമനടപടികളും നേരിട്ടിരുന്നു.








