ഇന്നത്തെ പ്രധാന വാർത്തകൾ

​യു.എസ് – ഇറാൻ സംഘർഷവും ചർച്ചകളും: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുമ്പോഴും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾക്ക് വഴിതുറക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനുമായി ചർച്ച തുടരുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ചർച്ചകൾ പരാജയപ്പെട്ടാൽ കൂടുതൽ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

​നെതന്യാഹു – ട്രംപ് കൂടിക്കാഴ്ച: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വാഷിങ്ടണിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി. ഇറാനെതിരായ സൈനിക നീക്കങ്ങളും ഭാവി തന്ത്രങ്ങളുമായിരുന്നു പ്രധാന ചർച്ചാവിഷയം.

കൂടിക്കാഴ്ചക്കിടെ നെതന്യാഹുവിനെതിരെ വാഷിങ്ടണിൽ ശക്തമായ പ്രതിഷേധവുമുണ്ടായി.

​ഹോർമുസ് കടലിടുക്കിലെ ഗതാഗതം: ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിത ഗതാഗതത്തിന് ഗൾഫ് രാജ്യങ്ങളുടെ പിന്തുണയോടെ പദ്ധതിയുമായി ഒമാൻ രംഗത്തെത്തി. മലാക്ക കടലിടുക്ക് മാതൃകയിൽ സംയുക്ത സുരക്ഷാ നിയന്ത്രണ സംവിധാനമാണ് ഒമാൻ നിർദേശിച്ചിരിക്കുന്നത്.

​ജപ്പാനിൽ ശക്തമായ ഭൂചലനം: തെക്കൻ ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. തുടർന്ന് മേഖലയിൽ ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകി.

​യൂറോപ്പിൽ കാട്ടുതീ പടരുന്നു: ഫ്രാൻസിലും സ്പെയിനിലും കനത്ത വേനൽച്ചൂടിനെ തുടർന്ന് കാട്ടുതീ പടർന്നുപിടിക്കുന്നു. ആയിരക്കണക്കിന് ആളുകളെയും വിനോദസഞ്ചാരികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

​ജോൺസൺ ആൻഡ് ജോൺസൺ കേസ്: ബേബി പൗഡറിലെ ടാൽക്കം ഉപയോഗം അർബുദത്തിന് കാരണമായെന്ന കേസിൽ പതിനായിരക്കണക്കിന് പരാതിക്കാർക്കായി 550 കോടി ഡോളർ നഷ്ടപരിഹാരം നൽകാൻ അമേരിക്കൻ കോടതി ഉത്തരവിട്ടു.

പരീക്ഷാ പരിഷ്കരണ ബില്ലും നീറ്റ് വിവാദവും
​സിബിഐ കുറ്റപത്രം: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ 13 പേരെ പ്രതിയാക്കി സിബിഐ ഡൽഹി റോസ് അവന്യൂ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേൽ പാർലമെന്റിൽ വീറും വാശിയുമുള്ള ചർച്ച നടന്നു.

​ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രഹ്ലാദ് ജോഷി ചുമതലയേറ്റെടുത്തെങ്കിലും, ഇദ്ദേഹത്തിന്റെ നിയമനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

​പ്രതിഷേധം തുടർന്ന് വിദ്യാർത്ഥികൾ: ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദ്യാർത്ഥി സംഘടനകളുടെ സമരം പുരോഗമിക്കുന്നു. കേസുകൾ പിൻവലിക്കണമെന്ന ആവശ്യവും ശക്തമാണ്.

നീറ്റ്പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും പ്രായപൂർത്തിയാകാത്തവരെയും ഉടൻ മോചിപ്പിക്കണമെന്നും അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു.

​അയോധ്യ സംഭാവന തട്ടിപ്പ്: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ ഫോറൻസിക് ഓഡിറ്ററെ ഉൾപ്പെടുത്തി പുതിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.

​ഡൽഹിയിൽ രാഷ്ട്രീയ നാടകങ്ങൾ: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ പഴയ കേസിന്റെ പേരിൽ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് എകെജി ഭവനിലെത്തിയത് സി.പി.എം നേതാക്കൾ തടഞ്ഞു.

​’ഡൽഹി ലക്ഷ്മി യോജന’: ഡൽഹിയിൽ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ വീതം നൽകുന്ന ക്ഷേമ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.

​ഹരിയാന സർക്കാരിന്റെ പ്രഖ്യാപനങ്ങൾ: ഇലക്ട്രിക് വാഹനങ്ങൾക്ക് 100% നികുതിയിളവും അഗ്നിവീരന്മാർക്ക് സർക്കാർ ജോലിയിൽ 20% സംവരണവും ഹരിയാന സർക്കാർ പ്രഖ്യാപിച്ചു.


​യുപിയിൽ മുൻ മന്ത്രിയുടെ മരണം: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി (68) ലക്നൗവിൽ എംഎൽഎമാർ താമസിക്കുന്ന സമുച്ചയത്തിന്റെ ഏഴാം നിലയിൽ നിന്ന് വീണു മരിച്ചു.

​കർണാടകയിൽ എച്ച്.ഐ.വി പരിശോധന: കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി വ്യാപനം തടയാൻ ‘ നോ യുവർ എച് ഐ വി ‘ ആപ്പ് പുറത്തിറക്കാനും നിർബന്ധിത പരിശോധനകൾ നടത്താനും കർണാടക സർക്കാർ തീരുമാനിച്ചു.


​എഡിജിപി എം.ആർ. അജിത് കുമാറിന് തിരിച്ചടി: സസ്‌പെൻഷനിൽ ഇളവ് തേടിയുള്ള ഹർജി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി.

​അഴിമതിക്കെതിരെ ‘പ്രോജക്‌ട് സീറോ’: സംസ്ഥാന ആഭ്യന്തര വകുപ്പും വിജിലൻസും സംയുക്തമായി നടപ്പിലാക്കുന്ന പുതിയ അഴിമതി വിരുദ്ധ ക്യാമ്പയിനായ ‘പ്രോജക്‌ട് സീറോ’യ്ക്ക് തുടക്കമാകുന്നു.
നടൻ നിവിൻ പോളിയാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ.

​കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്: തിരുവനന്തപുരത്തെ കെ. കരുണാകരൻ മെമ്മോറിയൽ ഗവ. മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം 100 എം.ബി.ബി.എസ് സീറ്റുകളിൽ പ്രവേശനം നടത്തുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചു.

​അമീബിക് മസ്തിഷ്കജ്വരം: കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

​കുറ്റകൃത്യങ്ങളും അന്വേഷണവും
​വടകര എം ഡി എം എ ലഹരി കേസ്: വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട ലഹരി കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ്. ഇൻസ്റ്റഗ്രാം, ഗൂഗിൾ മാപ്പ് വഴി ലഹരിവില്പന നടത്തിയിരുന്ന സംഘത്തിൽ നിന്ന് ഡെലിവറി ബോയിയും ഒരു അധ്യാപികയും കൂടി പിടിയിലായി.

​ശിശുക്കടത്ത് സംഘം പിടിയിൽ: കോട്ടയം, ഈരാറ്റുപേട്ട മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നവജാത ശിശുക്കളെ കടത്തുന്ന മാഫിയ സംഘത്തിലെ അംഗങ്ങൾ പൊലീസിന്റെ പിടിയിലായി.

​മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് അതിതീവ്ര ന്യൂനമർദത്തിന്റെ ഫലമായി വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

​കടലാക്രമണ ഭീഷണി: കാവുഗോളി, മൊഗ്രാൽ പുത്തൂർ തുടങ്ങിയ തീരദേശ മേഖലകളിൽ ശക്തമായ തിരമാലകളും കടലാക്രമണവും രൂക്ഷമായിട്ടുണ്ട്.
തീരദേശവാസികൾ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.

നീലേശ്വരം മേഖലയിൽ ഷിഗെല്ല കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പും ഡി.എം.ഒയും മേഖലയിൽ പ്രതിരോധ നടപടികളും ശുചിത്വ പരിശോധനകളും ഊർജിതമാക്കിയിട്ടുണ്ട്.

​മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതി: കാഞ്ഞങ്ങാട് മഞ്ഞംപൊതിക്കുന്ന് വിനോദസഞ്ചാര പദ്ധതി നവംബറിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

​ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ ലഹരിക്കടത്ത് തടയുന്നതിനായി പൊലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളിലും പ്രധാന റോഡുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page