ഗള്‍ഫിലുള്ള ഭര്‍ത്താവ് എത്തിയത് 4 ദിവസം മുന്‍പ്, ഗര്‍ഭിണിയാണെന്ന വിവരം യുവതി വീട്ടുകാരെ അറിയിച്ചില്ല; ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ട നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി

നിലമ്പൂര്‍: പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തി പ്ലാസ്റ്റിക് ബക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവിന്റെ മൊഴി പൊലീസ് ശേഖരിച്ചു. കുഞ്ഞ് ചാപിള്ളയായിരുന്നുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. 48 മണിക്കൂര്‍ കഴിഞ്ഞ് യുവതിയെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരറിഞ്ഞില്ലെന്നാണ് വിവരം. ടിവി യില്‍ വാര്‍ത്തകണ്ടപ്പോഴാണ് വീട്ടുകാര്‍ക്ക് സംശയമുണ്ടാകുന്നത്. 4 ദിവസം മുമ്പാണ് ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. വയറില്‍ ഒരു മുഴയുണ്ടെന്നാണ് യുവതി വീട്ടുകാരെ ധരിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടറോടും പറഞ്ഞത് അതായിരുന്നു. കടുത്ത വയറുവേദനയും അമിതമായ രക്തസ്രാവവും വന്നതോടെയാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ ചാലിയാര്‍ സ്വദേശിയായ യുവതിയും ബന്ധുക്കളും ഈ ആശുപത്രിയില്‍ എത്തിയത്. ഗൈനക്കോളജിസ്റ്റ് ലഭ്യമല്ലാത്തതിനാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഇവരെ ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് വസ്ത്രം മാറാനെന്ന വ്യാജേന ആശുപത്രിയിലെ ശുചിമുറിയില്‍ യുവതി കയറി. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. ശുചിമുറിയില്‍ പ്രസവിക്കുകയും, കുഞ്ഞിനെ പ്ലാസ്റ്റിക് ബക്കറ്റില്‍ ഉപേക്ഷിച്ച ശേഷം ഭര്‍ത്താവിനൊപ്പം ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് കടന്നുകളയുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ ശുചിമുറി വൃത്തിയാക്കാന്‍ എത്തിയ ശുചീകരണ തൊഴിലാളികളാണ് ബക്കറ്റിനുള്ളില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ അവര്‍ വിവരം ആശുപത്രി അധികൃതരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. നിലമ്പൂര്‍ പൊലീസ് ആശുപത്രിയിലെത്തി ഇന്‍സ്‌പെക്ഷന്‍ നടത്തുകയും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
രക്തസ്രാവമുള്ളതിനാല്‍ യുവതി ആശുപത്രി പേവാര്‍ഡില്‍ വനിതാ പൊലീസിന്റെ കാവലിലാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കുഞ്ഞിന്റെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. മറ്റൊരു ആശുപത്രിയില്‍ വച്ച് കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ അസ്വാഭാവികമരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page