പയ്യന്നൂര്‍: യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. തലശ്ശേരി കതിരൂര്‍ സ്വദേശിയായ സി.എച്ച് അഷ്റഫി(58)നെയാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വിജയഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2001 ല്‍ നടന്ന വേറ്റുമ്മല്‍ രതീഷ് വധക്കേസിലെ പ്രതിയാണ് അഷ്റഫ്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറായി അടുത്തിടെ ചുമതലയേറ്റ വിജയഭാരത് റെഡ്ഡി പഴയ കേസുകളെക്കുറിച്ച് പഠിക്കുന്നതിനിടയിലാണ് രതീഷ് കൊലക്കേസിലെ പ്രതിയായ അഷ്റഫിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യം കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കി. അന്വേഷണ സംഘത്തിന് മുന്നില്‍ പ്രതിയുടെ ഒരു ഫോട്ടോ മാത്രമാണ് ഉണ്ടായിരുന്നത്. ഈ ഫോട്ടോയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം മൈസൂരു, ബംഗ്ളൂരു, മുംബൈ, മംഗ്ളൂരു എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. പത്ത് വര്‍ഷക്കാലം ഈ നഗരങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ അഷ്‌റഫ് ഹോട്ടല്‍ തൊഴിലാളിയായിജോലി നോക്കിയതായി അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കേരളത്തിലേക്ക് മടങ്ങിയതായും കണ്ടെത്തി. പ്രതി ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്യാനാണ് സാധ്യതയെന്നു മനസ്സിലാക്കിയ അന്വേഷണ സംഘം ആ വഴിക്കു നീങ്ങി. പയ്യന്നൂരില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി വാടകകെട്ടിടത്തില്‍ താമസിച്ച് തട്ടുകട നടത്തി വരികയാണെന്ന് വ്യക്തമായി. ഒരാഴ്ചക്കാലം നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ വാടക വീട്ടില്‍ വച്ച് അഷ്‌റഫിനെ പൊലീസ് പിടികൂടിയത്. അഷ്റഫിന്റെ തട്ടുകടയില്‍ പൊലീസ് ഉദ്യോഗസ്ഥരടക്കം കാലങ്ങളായി ഭക്ഷണം കഴിക്കാനെത്തിയിരുന്നു. എന്നിട്ടും കൊലക്കേസ് പ്രതിയായ അഷ്റഫിനെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ശാരീരികമായ മാറ്റങ്ങളാണ് തിരിച്ചറിയാതിരിക്കാന്‍ ഇടയാക്കിയത്.







