തിരുവനന്തപുരം: അയല്‍വാസിയെ യുവാവ് പട്ടാപ്പകല്‍ വെട്ടിക്കൊന്നു. വഞ്ചിയൂര്‍ പാല്‍ക്കുളങ്ങരയിലെ
വിശാഖ് ആണ് കൊല്ലപ്പെട്ടത്. പ്രദീപ് ആണ് കൊലനടത്തിയത്. ഇരുവരും തമ്മില്‍ നേരത്തെയുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ എത്തിയത്. നേരത്തെ പ്രദീപിനെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന വിശാഖ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഞായറാഴ്ച ഉച്ചയോടെ പാല്‍ക്കുളങ്ങരയില്‍ വെച്ച് പ്രദീപ് വിശാഖിനെ ആക്രമിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായാണ് വിശാഖ് പാല്‍കുളങ്ങരയിലെ വീട്ടിലെത്തിയത്. അപ്പോഴാണ് പ്രദീപിന്റെ ആക്രമണം ഉണ്ടായത്. പ്രദീപ് വടിവാള്‍ ഉപയോഗിച്ച് വിശാഖിനെ വെട്ടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ വിശാഖിനെ പിന്നീട് പൊലീസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. സംഭവത്തിന് രണ്ട് ദിവസം മുന്‍പും ഇവര്‍ തമ്മില്‍ വാക്കേറ്റവും തര്‍ക്കവും ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട വിശാഖും ആക്രമണം നടത്തിയ പ്രദീപും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. രക്ഷപ്പെട്ട പ്രതിക്കായി വഞ്ചിയൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.








