തൃശൂര്‍: സെന്‍സസ് എടുക്കാനെന്ന വ്യാജേനെ വേഷം മാറിയെത്തിയ അയല്‍വാസിയായ യുവതി വയോധികയുടെ മൂന്നുപവന്‍ മാല കവര്‍ന്നു. ചൂണ്ടല്‍ മേലെങ്കാവ് ചാണശ്ശേരി വീട്ടില്‍ തങ്കമണി (80)യുടെ
മാലയാണ് യുവതി കവര്‍ന്നത്. വെള്ളി വൈകിട്ട് നാലുമണിയോടെയാണ് സംഭവം. സെന്‍സസ് എടുക്കാന്‍ എന്ന പേരില്‍ വീട്ടിലെത്തിയ യുവതി ബാത്‌റൂമില്‍ പോകണമെന്നാവശ്യപ്പെട്ടു. പുറത്തെ ബാത്‌റൂമില്‍ പോയ ശേഷം എത്തിയ യുവതി കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയായിരുന്നു. വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയ വയോധികയെ പിന്തുടര്‍ന്ന യുവതി തല പിടിച്ച് ചുമരില്‍ ഇടിച്ചതിനുശേഷം മൂന്ന് പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. മാല പൊട്ടിക്കുന്നതിനിടെയുണ്ടായ പിടിവലിയില്‍ മാലയുടെ പകുതി മാത്രമാണ് മോഷ്ടാവിന്റെ കയ്യില്‍ കുടുങ്ങിയത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ് വീണ തങ്കമണി ബഹളം വെച്ചതോടെ സമീപത്തെ ബന്ധുക്കള്‍ ഓടിയെത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പിടികൂടി. കുന്നംകുളം പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.








