തൃക്കരിപ്പൂർ: പ്ലാസ്റ്റിക് ബോട്ടിൽ കഴുത്തിൽ കുരുങ്ങി രണ്ടാഴ്ച വട്ടം കറങ്ങിയ കുറുനരിക്ക് രക്ഷകരായത് വനം വകുപ്പിന്റെ ആർ ആർ ടീം. പടന്ന തെക്കേക്കാട്ടിലാണ് സംഭവം.
രണ്ടാഴ്ചയായി
കഴുത്തിൽ പ്ലാസ്റ്റിക്ക് കുരുങ്ങിയ നിലയിൽ കണ്ട കുറുനരിയെയാണ്
ബോവിക്കാനത്തു നിന്നും എത്തിയ റാപ്പിഡ് റെസ്പോൻസ് ടീം പിടികൂടി രക്ഷിച്ചത്. ഇതിനെ രക്ഷപ്പെടുത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും
പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ച വൈകീട്ട്
വിദ്യാർഥിയായ ആയിഷത്ത് ഫിദയാണ് ഫോറസ്റ്റ് എമർജൻസി വിഭാഗത്തിന് വിവരം നൽകിയത്.
രണ്ടു മണിക്കൂർ തെരച്ചിൽ നടത്തിയെങ്കിലും കാടുമൂടിയ പ്രദേശമായതിനാൽ കണ്ടത്താനായില്ല. ഇരുട്ടിയതിനാൽ ശ്രമം ഉപേക്ഷിച്ച് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ഹെൽത്ത് സെൻ്റർ പരിസരത്ത് കുറിനരിയെ
കണ്ടെത്തി സാഹസികമായി പിടികൂടിയത്. തുടർന്ന് സാഹസികമായി കുറുനരിയുടെ കഴുത്തിൽ കുടുങ്ങിയ പ്ലാസ്റ്റിക് ബോട്ടിൽ നീക്കം ചെയ്തു. രക്ഷപ്പെട്ട കുറുനരി ആക്രമണം ഒന്നും നടത്തിയില്ല. രണ്ടാഴ്ച ഭക്ഷണം ലഭിക്കാത്തതിനാൽ അവശനിലയിൽ ആയിരുന്നു. വനം വകുപ്പ് ആർ ആർ ടീമിലെ കെ മധുസൂദന, കെ ജയകുമാരൻ, കെ പി അഭിലാഷ്, യു രവീന്ദ്ര, എ കെ നിവേദ്, കെ ഗിരീഷ് എന്നിവരാണ് കുറുനരിക്ക് രക്ഷകരായത്.







