ഹുസൂര്‍: ഭാര്യയെയും പറക്കമുറ്റാത്ത രണ്ടു മക്കളെയും അതിദാരുണമായി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. മടിക്കേരി, ഹുസൂരിലെ നിശ്ചിത (27), മക്കളായ നിക്ഷ (12), രക്ഷ (6) എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. നിശ്ചിതയുടെ ഭര്‍ത്താവ് ഹരീഷ് (42)ആണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്രൂരമായ കൂട്ടക്കൊലപാതകവും ആത്മഹത്യയും അരങ്ങേറിയത്. ആസൂത്രിതമായാണ് കൂട്ടക്കൊല നടത്തിയതെന്നു സംശയിക്കുന്നു.ഹരീഷിന്റെ കൂടെ താമസിച്ചിരുന്ന മാതാവിനെ തലേനാളിലേ ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു.
രാത്രിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു മക്കളുടെയും ഭാര്യയുടെയും വായയിൽ പ്ലാസ്റ്റര്‍ ഒട്ടിച്ച ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം ഹരീഷ് വീടിന്റെ ഒന്നാം നിലയില്‍ കെട്ടിത്തൂങ്ങി മരിച്ചതെന്നു സംശയിക്കുന്നു. സംഭവത്തില്‍ ഹുസൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.








